പുറ്റിങ്ങൽ ദുരന്തമുണ്ടായപ്പോഴും പഠിക്കാൻ കമ്മീഷനെ വച്ചിരുന്നു. കമ്മീഷൻ പഠിച്ചു പൂർത്തിയാക്കി സമർപ്പിച്ച റിപ്പോർട്ടിലെ എത്ര കാര്യങ്ങൾ സർക്കാർ നടപ്പിലാക്കി?
‘കരിയും വേണ്ട കരിമരുന്നും വേണ്ട’യെന്നു പറഞ്ഞത് കേരളത്തിന്റെ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവാണ്. ഒരു നൂറ്റാണ്ടു മുന്നേ ഗുരു പറഞ്ഞ വചനം അക്ഷരം പ്രതി ശരിയാണെന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ ഉത്സവകാലം കുംഭം മീനം മാസങ്ങളിലാണ്. മേടമാസത്തോടെ അവസാനിക്കുകയും ചെയ്യും. കത്തിയമരുന്ന വേനൽക്കാലമാണിത്. ചുട്ടുപൊള്ളുന്ന പകലുകളും രാത്രികളും.അതേ കാലത്തുതന്നെയാണ് കരിമരുന്നുകൊണ്ടുള്ള ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളും ഇവിടെ നടക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇന്നലെ സംഭവിച്ചത്. ഈ ദുരന്തങ്ങളിൽ നിന്നും നമ്മൾ മലയാളികൾ എന്തെങ്കിലും പഠിച്ചോ? അധികാരികൾ എന്തെങ്കിലും പഠിച്ചോ ? പത്തുപേരുടെ ജീവൻ പൊലിഞ്ഞെങ്കിൽ എന്താ ഇനി ഇതിന്റെ പേരിൽ പൂരം നടത്താതിരിക്കുമോ എന്ന് ആശങ്കപ്പെടുന്ന പൂരപ്രേമികൾ ഉള്ള നാടാണിത്.
കഴിഞ്ഞ 20 വർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് ചെറുതും വലുതുമായ 800ഓളം വെടിക്കെട്ട് അപകടങ്ങളാണ്. കേരളത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്ന ഏപ്രിൽ മാസത്തിൽ തന്നെയാണ് മുണ്ടത്തിക്കോട് ദുരന്തവും ഉണ്ടായത്. 2016 ഏപ്രിൽ 10ന് പുലർച്ചയാണ് പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം ഉണ്ടായത്. നൂറിലധികം ആളുകൾക്കാണ് അന്ന് ജീവൻ നഷ്ടമായത്. 1952 ജനുവരി 14ന് പകല്‍ മൂന്നിന് ശബരിമലയില്‍ ഉണ്ടായ കരിമരുന്ന് സ്‌ഫോടനമാണ് ഐക്യകേരളത്തിലെ ആദ്യത്തെ വെടിക്കെട്ട് അപകടം.-മരണം 68. പിന്നീടങ്ങോട്ട് ഒരുപാട് അപകടങ്ങളുണ്ടായി.
1978ൽ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടത്തിൽ എട്ടുപേരാണ് മരിച്ചത്. 1984 തൃശൂര്‍ കണ്ടശ്ശാംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടംത്തിൽ മരണം 13. 1987 തൃശൂര്‍ വേലൂരില്‍ വെള്ളാറ്റഞ്ഞൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടത്തിൽ -മരണം 20. 1987 തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ ട്രെയിനിടിച്ച് മരിച്ച ദാരുണ സംഭവം നടന്നു. -മരണം 27. 1988 തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാര്‍ മരിച്ചു-മരണം 10
1990 കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡിലുണ്ടായ അപകടം-മരണം 26
1997 ചിയ്യാരം പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി-മരണം 06
1998 പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയില്‍ പൊട്ടിത്തറി-മരണം 13
1999 പാലക്കാട് ആലൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം-മരണം 08
2006 തൃശൂര്‍ പൂരത്തിന് തയാറാക്കിയ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം-മരണം 07
2013 പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി-മരണം 06
2016 ഏപ്രിലിൽ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം -106 മരണം.
വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ കർശന നിയന്ത്രണങ്ങളാണ് പറഞ്ഞിട്ടുള്ളത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ പൂര പ്രേമികളിൽനിന്ന് വലിയ എതിർപ്പും വിജ്ഞാപനം നേരിടേണ്ടിവന്നു. വിജ്ഞാപനത്തിൽ പറയുന്ന നിയന്ത്രണങ്ങൾ പാലിച്ചാൽ പൂരത്തിന്റെ പൊലിമ നഷ്ടപ്പെടുമെന്നാണ് നിയമം പാലിക്കുന്നതിൽ മാതൃകയാകേണ്ട രാഷ്ട്രീയ നേതാക്കൾ അടക്കം പറഞ്ഞത്. വെടിക്കെട്ട് ദുരന്തങ്ങൾ തടയാൻ നിയമങ്ങളുണ്ടെങ്കിലും പൂരപ്രേമികളുടെ എതിർപ്പ്കാരണം ഒന്നും നടപ്പാക്കാനാവാറില്ല എന്നതാണ് വാസ്തവം. ഉത്രയും ദുരന്തം സംഭവിച്ചിട്ടും വെടിക്കെട്ട് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ ഏതെങ്കിലും രസ്ത്രീയ നേതൃത്വം മുന്നോട്ടുവന്നോ? വരില്ല. കാരണം വോട്ടുബാങ്കു തന്നെ!
നേരത്തേ സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കുന്നത് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരോധിച്ചിരുന്നു. ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദ്യങ്ങളും ഉന്നയിച്ചു. വെടിക്കെട്ടിന് സംസ്ഥാനത്ത് എന്തെങ്കിലും മാർഗരേഖയുണ്ടോയെന്നാണ് ഹൈക്കോടതി ചോദിച്ചത്. നിരോധനത്തെ സർക്കാർ എതിർക്കുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. രാത്രി പത്തിനും രാവിലെ ആറിനുമിടയിൽ വെടിക്കെട്ടിന് നിയന്ത്രണമുണ്ടെന്നും എന്നാലത് ക്ഷേത്രോത്സവങ്ങൾക്ക് ബാധകമല്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.
കേരളത്തിൽ ഏപ്രിൽ മെയ് മാസങ്ങളിൽ ഉയരുന്ന കൊടും ചൂടും അപകടത്തിന് ഒരു കാരണമാണ്. വായുവിൽ ഈർപ്പം കുറയുകയും വരണ്ട അന്തരീക്ഷം നിലനിൽക്കുകയും ചെയ്യുമ്പോൾ വെടിമരുന്നിലെ രാസവസ്തുക്കൾക്ക് മാറ്റം വന്നേക്കാം. വെടിമരുന്ന് ശേഖരങ്ങൾ സൂക്ഷിച്ചിരിക്കുന്ന താപനില ക്രമാതീതമായി ഉയർന്നാൽ സ്വാഭാവികമായ സ്ഫോടനത്തിനുള്ള സാധ്യതയുണ്ട്. കൂടാതെ, ഉയർന്ന താപനിലയിൽ വെടിമരുന്ന് കൈകാര്യം ചെയ്യുമ്പോൾ ചെറിയൊരു ഘർഷണം പോലും വലിയ അപകടത്തിലേക്ക് നയിക്കാം. മിക്ക അപകടങ്ങളും സംഭവിക്കുന്നത് വെടിക്കെട്ട് നടക്കുന്ന സമയത്തല്ല, മറിച്ച് മരുന്ന് സംഭരണശാലകളിലാണ്. തമിഴ്‌നാട്ടിൽ അടുത്തിടെയുണ്ടായ അപകടവും ഉദാഹരണമായി എടുക്കാം. ജനവാസ കേന്ദ്രങ്ങൾക്ക് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന ഷെഡുകളും വായുസഞ്ചാരമില്ലാത്ത മുറികളും അപകടസാധ്യത വർധിപ്പിക്കുന്നു. ശാസ്ത്രീയമായ രീതിയിൽ ഈർപ്പവും താപനിലയും നിയന്ത്രിക്കാൻ കഴിയാത്തതാണ് പലപ്പോഴും വിനയാകുന്നത്. ശബ്ദവും പ്രകാശവും കൂട്ടാനായി പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള മാരകമായ കെമിക്കലുകൾ ഉപയോഗിക്കുന്നത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. കൃത്യമായ പരിശോധന പടക്ക നിർമ്മാണ ശാലകളിൽ നടന്നുന്നുണ്ടോ എന്ന കാര്യവും സംശയമാണ്.
ഓരോ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും അതിനെക്കുറിച്ച് ‘ആഴത്തിൽ പഠിക്കാൻ’ സർക്കാർ കമ്മീഷനെ വയ്ക്കാറുണ്ട്. പുറ്റിങ്ങൽ ദുരന്തമുണ്ടായപ്പോഴും പഠിക്കാൻ കമ്മീഷനെ വച്ചിരുന്നു. കമ്മീഷൻ പഠിച്ചു പൂർത്തിയാക്കി സമർപ്പിച്ച റിപ്പോർട്ടിലെ എത്ര കാര്യങ്ങൾ സർക്കാർ നടപ്പിലാക്കി? പുറ്റിങ്ങല്‍ കേസില്‍ 10 വര്‍ഷം കഴിഞ്ഞിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ഇരകള്‍ക്ക് പൂര്‍ണ്ണമായ നീതി ലഭിക്കുകയോ ചെയ്തിട്ടില്ല എന്ന കാര്യവും ശ്രദ്ധിക്കണം. ചുരുക്കിപ്പറഞ്ഞാൽ അടുത്ത ദുരന്തം സംഭവിക്കുന്നതുവരെയുള്ള ഒരു ബ്രേക്കിംഗ് ന്യൂസ് മാത്രമാണ് ഈ വെടിക്കെട്ട് ദുരന്തവും. ഇങ്ങനെയാണ് സർക്കാരിന്റെയും പൂരം/ഉത്സവം നടത്തിപ്പുകാരുടെയും മനോഭാവമെങ്കിൽ ഇനിയും ദുരന്തങ്ങൾ അവർത്തിക്കുകതന്നെ ചെയ്യും.
ആദ്യം പറഞ്ഞത് ആവർത്തിക്കട്ടെ. ‘കരിയും വേണ്ട കരിമരുന്നും വേണ്ട’. പറഞ്ഞത് നാരായണഗുരുവാണ് . ഗുരുവചനം മറ്റു പലകാര്യങ്ങളിലും എന്നപോലെ ഇതിലും ശരിയാകുന്നു. നമുക്കു വെളിച്ചമുണ്ടാകുന്നതുവരെ ഈ വാക്കുകൾക്ക് പ്രസക്തിയേറും.
ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ
അനീഷ് തകടിയിൽ




