ജനവിധി ആർക്കൊപ്പം എന്നും തമിഴ്‌നാട്ടില്‍ ആര് വാഴും ആര് വീഴും എന്നും അറിയാൻ മെയ് നാലുവരെ കാത്തിരിക്കണം
രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയമാണ് തമിഴകത്തിന്റേത്. തമിഴക രാഷ്‌ട്രീയത്തിലെ ഏറ്റവും ആവേശകരമായ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ജനവിധി ആർക്കൊപ്പം എന്നും തമിഴ്‌നാട്ടില്‍ ആര് വാഴും ആര് വീഴും എന്നും അറിയാൻ മെയ് നാലുവരെ കാത്തിരിക്കണം. കേരളത്തിനൊപ്പമാണ് തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് ഫലം വരുന്നത്. തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും ഒരുപോലെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.
മുമ്പെങ്ങുമില്ലാത്ത ഒരു അസാധാരണ സാഹചര്യത്തിലൂടെയാണ് തമിഴക രാഷ്ട്രീയം ഇപ്പോൾ നയിക്കുന്നത്. എം ജി ആർ – കരുണാനിധി ദ്വന്ദ്വങ്ങളിൽ ഊന്നിയായിരുന്നു ഏറെ നാൾ തമിഴ്നാട് രാഷ്ട്രീയം മുന്നോട്ടുപോയത്. ഒരുവശത്ത് അണ്ണാ ഡി എം കെ യും മറുവശത്ത് ഡി എം കെയും . പിന്നീടത് ജയലളിത- കരുണാനിധി പോരിലേക്ക് പോയി. ഇതിനിടയിലെല്ലാം കോൺഗ്രസും ഇടതുപ്രസ്ഥാനങ്ങളും ഏതെങ്കിലും ചേരിയിൽ ചേർന്ന് തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി. കലൈഞ്ചർ- പുരട്ചി തലൈവി യുഗം അവസാനിച്ചപ്പോൾ കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. അണ്ണാ ഡി എം കെ രണ്ടു വിഭാഗമായി. ഒ .പനീർ സെൽവവും ഇ.പളനി സാമിയും രണ്ടു ധ്രുവങ്ങളിലായി. മറുവശത്ത് മുത്തുവേൽ കരുണാനിധി സ്റ്റാലിൻ ആകട്ടെ തമിഴ് നാട് രാഷ്ട്രീയത്തിലെ അതികായനായി വളർന്നു. ജയലളിതയുടെ വിശ്വസ്തനായ ഒ .പനീർ സെൽവം ഇപ്പോൾ ഡി എം കെയുടെ ചേരിയിലാണ്. ഇ.പി.എസ് ആകട്ടെ ബിജെപിയോടൊപ്പം എൻ ഡി എ മുന്നണിയിലും. ഡിഎംകെ നയിക്കുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസും (ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഡിഎംഡികെ, വിസികെ) എഐഎഡിഎംകെ നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസും (ബിജെപി, പിഎംകെ) തമ്മിലാണ് തമിഴ്‌നാട്ടില്‍ പ്രധാന മത്സരം.
ഇതിനിടയിലാണ് വിജയ് യുടെ വരവ്. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്. ടിവികെ എത്ര സീറ്റ് പിടിക്കും എന്നതടക്കം തമിഴ്‌നാട് രാഷ്‌ട്രീയം ചർച്ച ചെയ്യുന്നുണ്ട്. ഭരണകക്ഷിയായ ഡി.എം.കെ.ക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടെന്ന് തോന്നുമ്പോഴും, ദ്രാവിഡ രാഷ്ട്രീയപ്പോരാട്ടങ്ങളിൽ പണ്ട് കാണാറുള്ള ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികളൊന്നും തയ്യാറാകുന്നില്ല. അതിനുകാരണം വിജയ് ഫാക്ടർ തന്നെ. . വിജയ്‌യും ടി.വി.കെയും സംസ്ഥാന രാഷ്ട്രീയത്തിൽ കൊണ്ടുവന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഡി.എം.കെ.ക്കും എ.ഐ.എ.ഡി.എം.കെ.ക്കും ഒരുപോലെ വെല്ലുവിളിയാകുന്നു. നഗരപ്രദേശങ്ങളിലും യുവാക്കൾക്കിടയിലും പടിഞ്ഞാറൻ, തെക്കൻ മണ്ഡലങ്ങളിലും വ്യാപിച്ചുകിടക്കുന്ന വലിയൊരു വിഭാഗം വോട്ടർമാരുടെ നിലപാടുകൾ പ്രവചനാതീതമാണ്.
234 മണ്ഡലങ്ങളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. കഴിഞ്ഞ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ സ്ഥാനാർഥികളുടെ എണ്ണത്തില്‍ വലിയ വർധനയുണ്ട്. 4,654 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. വ്യാപകമായ പണമൊഴുക്കും തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്നുണ്ട്.ഇതുവരെ 1212.74 കോടി രൂപയുടെ പണവും മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ദ്രാവിഡമണ്ണിൽ ആരാകും ‘വെട്രിക്കൊടി കെട്ടുന്ന മാവീരൻ’ എന്നു കാത്തിരുന്നു കാണാം. ആരൊക്കെ വാഴും ആരൊക്കെ വീഴും. കടവുള്ക്ക് താൻ തെരിയും!
അനീഷ് തകടിയിൽ




