അനീഷ് തകടിയിൽ
ലോക് സഭയിൽ ഇന്നലെ മുഴങ്ങിയത് പ്രതിപക്ഷത്തെ ഒറ്റപ്പെട്ട ശബ്ദമല്ല, ദിശയറിയാതെ ഉഴറുന്ന പതിവു കാഴ്ചയുമല്ല. പന്ത്രണ്ടു വർഷത്തിനിടെ പ്രതിപക്ഷത്തിന്റെ ആദ്യ പ്രഹരത്തിനാണ് ഇന്നലെ രാജ്യതലസ്ഥാനം സാക്ഷിയായത്. വനിതാസംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെടുമ്പോൾ അത് കേവലമൊരു ബില്ലിന്റെ മാത്രം പരാജയമല്ല . അതിന്റെ മറവിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച ഒരുകൂട്ടം ലക്ഷ്യങ്ങളുടെ പരാജയവുമാണ്.
ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു.
കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത് വനിത സംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നുമടക്കം രാഹുൽ ഗാന്ധി ഇന്നലെ ലോക്‌സഭയിൽ ആഞ്ഞടിച്ചു. . രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒ ബി സി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിന്‍റെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ മനുവാദം അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജാതി സെൻസസ് കണക്കുകൾ ലോക്സഭയിലും രാജ്യസഭയിലെയും പ്രാതിനിധ്യം തീരുമാനിക്കാൻ ഉപയോഗിക്കുമോ എന്നാണ് ചോദ്യം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്. ആസമിലും ജമ്മുകശ്മീരിലും ഇതിനാണ് ശ്രമിച്ചത്. ഇത് രാജ്യവിരുദ്ധ നീക്കമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്നാക്ക ദളിത് വിഭാഗങ്ങളുടെ അവകാശം കവരുന്നതിനെ തടയുമെന്ന് രാഹുൽ പ്രഖ്യാപിച്ചു.
കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സർക്കാരിന് കനത്ത രാഷ്ട്രീയ തിരിച്ചടിയായി. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ തന്നെ ബിൽ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാൽ ബിൽ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ബില്‍ വോട്ടിനിട്ട് തള്ളുന്നത് വൻ പ്രചാരമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാമെന്ന ആലോചനയിലായിരുന്നു ഈ നീക്കം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെയടക്കം വൻ പ്രചാരണം നടത്താനാണ് ബി ജെ പി ക്യാമ്പിന്‍റെ തീരുമാനം. എന്നാൽ വനിത സംവരണത്തെയല്ല, മണ്ഡല പുനർനിർണയത്തെയാണ് എതിർക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നിലവിലെ 543 സീറ്റിൽ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
മണ്ഡല പുനർനിർണ്ണയം എല്ലാ പാർട്ടികളെയും ഒരു പോലെ ബാധിക്കുമെന്ന് ബോധ്യപ്പെടുത്താൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. വനിത സംവരണത്തെ കോൺഗ്രസ് പരാജയപ്പെടുത്തി എന്ന് പ്രചാരണം ബംഗാളിൽ ബിജെപി ശക്തമാക്കുമെങ്കിലും ഇത് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുമോ എന്ന് കണ്ടറിയണം. പ്രതിപക്ഷത്തിന്‍റെ ഈ നിലപാട് അടക്കം പശ്ചിമ ബംഗാളിലടക്കം ആയുധമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ.
വനിത സംവരണ ബില്ല് നടപ്പാക്കാനുള്ള ആലോചന തുടങ്ങിയപ്പോൾ ശിവസേന, എൻസിപി തുടങ്ങിയ കക്ഷികളുമായിട്ടാണ് കേന്ദ്രസർക്കാർ ആദ്യം ചർച്ച നടത്തിയത്. ചെറിയ പാർട്ടികളെ കൂടെ നിര്‍ത്തി പ്രതിപക്ഷത്ത് ഭിന്നത ഉണ്ടാക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ, ചെറിയ പാർട്ടികളുടെ സഹായം കൊണ്ടു മാത്രം ബില്ല് പാസ്സാക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് സമാജ് വാദി പാർട്ടിയെ കൂടെ നിര്‍ത്താനായി കേന്ദ്രത്തിന്‍റെ അടുത്ത ശ്രമം. സീറ്റുകളുടെ എണ്ണം ഉയർത്തുമ്പോൾ അതിന്‍റെ ഗുണം കൂടുതൽ കിട്ടുന്നത് ഉത്തർപ്രദേശിനാണ്. അതിനാൽ അഖിലേഷ് യാദവിന് ഈ നീക്കത്തെ എതിർക്കാനാകില്ലെന്നും സർക്കാർ വിലയിരുത്തി. 60 എംപിമാരുടെ പിന്തുണ പ്രതിപക്ഷത്ത് നിന്ന് നേടുകയോ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ ബില്ല് പാസാക്കാമായിരുന്നു. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തൃണമൂൽ കോൺഗ്രസിന് ബില്ലിനെ എതിർത്ത് വിരോധം ക്ഷണിച്ചു വരുത്താൻ കഴിയില്ല എന്ന ചിന്തയും ബിജെപിയെ ഇതുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചു.
അടുത്തവർഷം യുപി തെരഞ്ഞെടുപ്പ് നടക്കവേ ബിജെപി വിരുദ്ധ നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസിന് നൽകാൻ അഖിലേഷ് യാദവിനും മടിയുണ്ടായിരുന്നു. ശിവസേനയും എൻസിപിയും മാത്രം വോട്ടു ചെയ്താലും ബില്ല് പാസാകില്ല. മറ്റുള്ളവർ സർക്കാർ പക്ഷത്തേക്ക് പോകാത്ത സാഹചര്യത്തിൽ ഇവരും ആദ്യത്തെ ചാഞ്ചാട്ടം അവസാനിപ്പിച്ച് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനത്തോടൊപ്പം നിന്നു. ബില്ല് പരാജയപ്പെടുത്തിയത് സ്ത്രീവിരുദ്ധ നിലപാടെന്ന് കുറ്റപ്പെടുത്തി ബിജെപി പ്രചാരണം തുടങ്ങും. ബംഗാളിൽ ഇത് മമതയുടെ സ്ത്രീപിന്തുണ ചോർത്തും എന്നാണ് സർക്കാർ പ്രതീകഷിക്കുന്നത്. എങ്കിലും വനിത സംവരണത്തോടൊപ്പം മണ്ഡലപുനർനിർണ്ണയം കൂടി യാഥാർത്ഥ്യമാക്കാനുള്ള ബിജെപി നീക്കത്തിന് കടുത്ത തിരിച്ചടിയാണ് ഇന്നലെ ലഭിച്ചത്.
നരേന്ദ്രമോദിയെന്ന മഹാമേരുവും എൻ ഡി എ എന്ന കെട്ടുറപ്പുള്ള മുന്നണിയും കഴിഞ്ഞ ഇന്ത്യയിൽ അനിഷേധ്യ ശക്തിയാണ്. അടിക്കടിയുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങളും നിലപാടുകളിലെ അനൈക്യവും പ്രതിപക്ഷത്തെ ദുർബലപ്പെടുത്തിയിരുന്നു . ആ കാഴ്ചയ്ക്ക് ഒരു അറുതി വന്ന ദിവസമാണ് ഇന്നലെ കടന്നുപോയത്. പ്രതിപക്ഷത്തിന്റെ ഈ ശക്തി പ്രഭാവം തുടരുമോ അതോ ഇതോടെ തണുക്കുമോ എന്ന് കാത്തിരുന്നു കാണാം.




