Sun Mar 15, 2026 2:05 am
FLASH
X
booked.net

“ജനങ്ങൾ സർക്കാരിനൊപ്പമുണ്ട്”: മന്ത്രി ജി ആർ അനിൽ

Kerala / News March 14, 2026

ജനങ്ങളുടെ പിന്തുണയാണ് സർക്കാരിന് ആവശ്യം. അത്തരത്തിൽ ജനങ്ങൾ ഒപ്പം നിന്നത് കൊണ്ടാണ് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പല പദ്ധതികളും യാഥാർഥ്യമായതെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി ആർ അനിൽ. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പഴകുറ്റി -മംഗലപുരം റോഡ് റീച്ച് 1, പഴകുറ്റി -മുക്കംപാലമൂട് റോഡിന്റെ പൂർത്തികരണവും തേക്കട ശീമമുളമുക്ക് റോഡിന്റെ നിർമാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ ആവശ്യം അറിഞ്ഞ്, നാട് സ്വപ്നം കണ്ട പദ്ധതികൾ ചെറിയ കാലയളവിൽ പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ പ്രധാന പാതയായ പഴകുറ്റി -മംഗലപുരം റോഡിന്റെ ആദ്യ റീച്ച് പഴകുറ്റി മുക്കംപാലമൂട് വരെയുള്ള ഭാഗം 59.61കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിലാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. അതോടൊപ്പം തേക്കട- ശീമമുളമുക്ക് റോഡ് നവീകരിക്കാനായി സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ജില്ലയിലെ പശ്ചിമഘട്ട മല നിരകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, വിതുര, നെയ്യാർ ഡാം, അഗസ്ത്യാമല തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കും ജില്ലയിലെ പ്രധാന നഗരമായ നെടുമങ്ങാടിലേക്കും വരുന്ന വിനോദ സഞ്ചാരികൾ, വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ തുടങ്ങിയവരെ തിരുവനന്തപുരം നഗരത്തിലേക്ക് കടക്കാതെ ദേശീയ പാത 66 മായി ബന്ധിപ്പിക്കുന്നതും ദൂരം കുറഞ്ഞതുമായ നവീകരിച്ച ഈ റോഡ് എല്ലാവരെയും ഒന്നിപ്പിച്ച് നാടിൻ്റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്നതാണ്.

റോഡിന്റെ ആകെ നീളമായ 7.02 കിലോമീറ്റർ പഴകുറ്റിയിൽ നിന്നും ആരംഭിച്ച് വേങ്കവിള, താന്നിമൂട്, ഇരിഞ്ചയം, തേക്കട എന്നീ സ്ഥലങ്ങളിലൂടെ കടന്ന് മുക്കംപാലമൂട് അവസാനിക്കുന്നു. റോഡിൻ്റെ ആകെ വീതി 6.00 മീറ്ററിൽ നിന്നും 13.60 മീറ്റർ ആയി ഉയർത്തി ബി.എം, ബി.സി എന്നീ പ്രവൃത്തികൾ, ഓട, കലുങ്ക്, സംരക്ഷണ ഭിത്തി, യൂട്ടിലിറ്റി ഏരിയ എന്നിവയും മറ്റു അനുബന്ധ പ്രവൃത്തികളും ഉൾക്കൊള്ളിച്ച് കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയിട്ടുള്ളത്.

പഴകുറ്റി മംഗലപുരം റോഡ് ആദ്യ റീച്ച് യാഥാർത്ഥ്യമായതോടെ നാഷണൽ ഹൈവേ 66 മായുള്ള കണക്ടിവിറ്റി സുഗമമായിട്ടുണ്ട്. നെടുമങ്ങാട് ടൗണിൽ നിന്നും എം.സി റോഡിലേക്കും, ഹൈവേ 66 ലേക്കും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രധാനപ്പെട്ട ആരാധാനലയങ്ങളിലേയ്ക്കുള്ള ഗതാഗതം തിരക്കില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. പഴകുറ്റി മംഗലപുരം റോഡ് ആദ്യ റീച്ചിൻ്റെ വികസനപദ്ധതി നടപ്പിലായതിലൂടെ നെടുമങ്ങാട് നിയോജകമണ്ഡലത്തിലെയും തിരുവനന്തപുരം നഗരത്തിലേയും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും, സുരക്ഷയും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിനും, നഗരത്തിലെ പ്രധാന റോഡുകളുമായിട്ടുള്ള ബന്ധവും മെച്ചപ്പെടുകയും യാത്രാസമയം കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.

ഡി.കെ മുരളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ. ജയദേവൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈജുകുമാർ ആർ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജമോഹൻ തമ്പി, ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായി.