കരുനാഗപ്പള്ളി : അമൃതപുരി: സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ആഗോള സംഘടനയായ അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറിയുടെ എ സി എം ഇന്ത്യ ചാപ്റ്റർ നൽകുന്ന 2025-ലെ ഔട്ട്‌സ്റ്റാൻഡിങ് ചാപ്റ്റർ ആക്റ്റിവിറ്റീസ്’പുരസ്കാരത്തിന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് അർഹരായി.ഹൈദരാബാദ് ഐ ഐ ടി ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ പുരസ്കാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ സാങ്കേതിക മികവും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. ക്യാമ്പസിൽ സംഘടിപ്പിച്ച ഇവല്യൂമിൻ, ഒ-ലാബ്സ്, എപ്പോക്കോൺ, ഏജന്റിക് എഐ ഹാക്കത്തോണുകൾ, സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ സ്കൂൾ പ്രോഗ്രാമുകൾ, ജൂനിയർ വിദ്യാർത്ഥികൾക്കായി നടത്തിയ ബ്രിഡ്ജ് കോഴ്സുകൾ എന്നിവയുൾപ്പെടെയുള്ള വിവിധങ്ങളായ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകളാണ് പുരസ്കാര നിർണ്ണയത്തിൽ നിർണ്ണായകമായത്.
എ സി എം സ്റ്റുഡന്റ് ചാപ്റ്റർ ഭാരവാഹികളായ അഖിൽ മേനോൻ, ബി വാസുദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് അമൃതപുരി ക്യാമ്പസിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. സ്കൂൾ ഓഫ് കമ്പ്യൂട്ടിങ് അസോസിയേറ്റ് ഡീൻ ഡോ. പ്രേമ നെടുങ്ങാടി, അധ്യാപകരായ പി കെ ബിനു, ഡോ. എം ഗീത, ഡോ. ജി ഗോപകുമാർ, ഡോ. ജെ ജ്യോതിഷ, ഡോ. ജെ സ്വാമിനാഥൻ, ഡോ. ദിവ്യ ഉദയൻ, ഡോ. ആർ അനി, പ്രിയ രവി എന്നിവരാണ് വിദ്യാർത്ഥികൾക്കാവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ ദേശീയ അംഗീകാരമെന്നും സാങ്കേതിക വിദ്യയിലൂടെ സാമൂഹിക മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഞങ്ങളുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഈ പുരസ്കാരം വലിയ ഊർജ്ജം നൽകുമെന്നും എ സി എം സ്റ്റുഡന്റ് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.




