Wed Feb 11, 2026 4:40 am
FLASH
X
booked.net

കേരള അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെയായി സാംബയും ഫ്ലമിൻങ്കോയും വേദി കീഴടക്കി

Kerala / News February 10, 2026

തിരുവനന്തപുരം: തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന കേരള അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ അവസാന ദിനത്തിൽ അവതരിപ്പിച്ച ബ്രസീലിയൻ സാംബയും സ്പെയിനിന്റെ ഫ്ലമിൻങ്കോ കലാപ്രകടനങ്ങൾ ആവേശവും ആനന്ദവും നിറഞ്ഞ സമാപനമായി മാറി. നിറഞ്ഞ സദസും ആവേശം നിറഞ്ഞ അന്തരീക്ഷവും മേളയിലെ ഏറ്റവും സ്മരണീയമായ നിമിഷങ്ങളിലൊന്നായി. പ്രേക്ഷകരുടെ ആവേശകരമായ പങ്കാളിത്തവും പ്രോത്സാഹനവും ഈ സാംസ്‌കാരിക ആഘോഷത്തെ അന്താരാഷ്ട്ര കലാസംഗമത്തിന്റെ ഉന്നത മാതൃകയായി ഉയർത്തി.

മേളയുടെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് ഉദ്‌ഘാടനം ചെയ്യേണ്ടിരുന്നത്. എന്നാൽ മറ്റൊരു ചടങ്ങിൽ പങ്കെടുക്കേണ്ട സാഹചര്യത്തിൽ മന്ത്രി നേരത്തെ എത്തി വിവിധ സ്റ്റാളുകൾ സന്ദർശിക്കുകയും മേളയുടെ നടത്തിപ്പിനെയും സംഘാടനത്തെയും അഭിനന്ദിക്കുകയും ചെയ്തു. അതിനാൽ ചടങ്ങ് അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണിക്കൃഷ്ണനാണ് ഉദ്‌ഘാടനം ചെയ്തത്. കേരള ഫോ‌ക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് കിർടാഡ്സ് ഡപ്യൂട്ടി ഡയറക്ടർ പ്രദീപാണ്.അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.സുരേഷ് സോമ, ഡോ. മിനി പ്രസാദ്, പ്രൊഫസർ ഇന്ദു മേനോൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി. ലവ്‌ലിൻ നന്ദി പറഞ്ഞു.

ഫ്ലമിൻങ്കോ നൃത്തം വേദിയിൽ വികാരങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ശക്തമായ കാൽചുവടുകളും മനോഹരമായ കൈഭാവങ്ങളും ആഴമുള്ള വികാരപ്രകടനങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സ്പെയിനിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം കേരള വേദിയിൽ അതിമനോഹരമായി പുനരാവിഷ്കരിക്കപ്പെട്ടു.

ബ്രസീലിന്റെ ഊർജ്ജസ്വല നൃത്തമായ സാംബ, കേരള വേദിയിൽ എത്തിയപ്പോൾ അതിന് പുതിയൊരു ആത്മാവ് ലഭിച്ചു. വേഗമേറിയ ചുവടുകളും മനോഹരമായ ചലനങ്ങളും പൂരങ്ങളുടെയും ജനകീയ ആഘോഷങ്ങളുടെയും ഊർജ്ജം പുനരാവിഷ്കരിച്ചു. ലാറ്റിൻ അമേരിക്കയുടെ താളങ്ങൾ കേരളത്തിന്റെ വേരുകളെ തൊട്ടപ്പോൾ അത് പ്രേക്ഷകരുടെ മനസ്സിൽ മറക്കാത്ത ഒരു അനുഭവവും അടുത്ത ഫോക് ഫെസ്റ്റിവലിനുള്ള കാത്തിരിപ്പായി മാറുകയും ചെയ്തു.