Tue Aug 04, 2026 10:49 pm
FLASH
X

1986-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടാണ് മലയാള സിനിമയിൽ എസ്.പി.വിയുടെ സ്വതന്ത്ര സംഗീത സംവിധായകനായുള്ള തുടക്കം.

HOME / Kerala February 4, 2026

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിൽ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച എസ്.പി.വി ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. 1985-2000 കാലയളവിൽ പുറത്തിറങ്ങിയ മലയാള സിനിമകളുടെ വിജയത്തിൽ ഇദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും നിർണ്ണായകമായ പങ്കുണ്ടായിരുന്നു .

സ്ഫടികം , ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം , കൗരവർ , നായർസാബ്, കൂടിക്കാഴ്ച്ച , കിഴക്കൻ പത്രോസ്, നാടോടി , ഗാന്ധർവ്വം, ഇഞ്ചക്കാടൻ മത്തായി & സൺസ് , ഹൈവേ , സൈന്യം , മിന്നാരം , ചുക്കാൻ, ഭീഷ്മാചാര്യ, പ്രായിക്കര പാപ്പാൻ , ചേട്ടൻ ബാവ അനിയൻ ബാവ, ഒന്നാമൻ, മാസ്മരം, സൂപ്പർമാൻ , കിരീടമില്ലാത്ത രാജാക്കന്മാർ , സ്വപ്നലോകത്തെ ബാലഭാസ്കർ, മാന്നാർ മത്തായി സ്പീക്കിംങ്ങ് , വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി എന്നിങ്ങനെ നിരവധി സിനിമകളിൽ എസ്.പി.വി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി.

അപ്പു, മഹായാനം, ദേവാസുരം , ശ്യാമ , നമ്പർ 20 മദ്രാസ് മെയിൽ , ലേലം , റൺവേ , തേന്മാവിൻ കൊമ്പത്ത് , ചെപ്പടിവിദ്യ , വെട്ടം , കാക്കകുയിൽ , പഞ്ചാബിഹൌസ്‌ , യാദവം , വളയം തുടങ്ങിയ ചിത്രങ്ങൾക്ക് നൽകിയ പശ്ചാത്തല സംഗീതം ചിത്രങ്ങളുടെ വിജയത്തിന് പിന്തുണയേകി .

ദേവരാജൻ മാസ്റ്റർ, ബാബുരാജ്, കണ്ണൂർ രാജൻ, എം.കെ.അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ , രവീന്ദ്രൻ മാസ്റ്റർ , എ ടി ഉമ്മർ എന്നിവർക്കൊപ്പം അദ്ദേഹം മാൻഡലിൻ വായിച്ചും അസിസ്റ്റൻറ് മ്യൂസിക് ഡയറക്ടറായും ഓർക്കസ്ട്രകനായും ഏറെ നാൾ പ്രവർത്തിച്ചു.

1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ച വെങ്കിടേഷ് പിതാവ് പഴനിയുടെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ചു . പഠനകാലയളവിൽ തന്നെ ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു.

1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ്.പി.വിയും ഉണ്ടായിരുന്നു. ഓർക്കസ്ട്രയിലുള്ള അപാരമായ മികവ് സ്വായത്തമാക്കാൻ ഈ അവസരം പ്രയോജനപ്പെട്ടു.

1971-ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1975-ൽ കന്നട സിനിമയിൽ അസിസ്റ്റന്റ്‌ മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു.എസ്.പി.വി 1981-ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. പിന്നീടാണ് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.എസ്.പി.വി ഈണമിട്ട മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറെ ഗാനങ്ങളും ആലപിച്ചത് കെ.എസ്. ചിത്രയാണ്. മലയാളത്തിൽ 150 ലേറെ ചിത്രങ്ങൾക്ക് ഈണം പകർന്ന എസ്.പി.വി മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഒരു കാലഘട്ടത്തിൽ സജീവ സാന്നിധ്യമായിരുന്നു.