Wed Aug 05, 2026 2:36 am
FLASH
X

വായന നഷ്ടപ്പെട്ടപ്പോൾ എഴുത്തിലൂടെ അതിജീവനം; നെവിൻ പ്രമോദിന്റെ ‘സൈലന്റ് വേർഡ്‌സ്’ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

HOME / Kerala January 9, 2026

ഗുരുതരമായ വാഹനാപകടത്തെത്തുടർന്ന് വായന അസാധ്യമായപ്പോൾ എഴുത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച വിദ്യാർത്ഥി നെവിൻ പ്രമോദിന്റെ ‘സൈലന്റ് വേർഡ്‌സ്’ (Silent Words) എന്ന കവിതാസമാഹാരം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്റ്റുഡൻസ് കോർണറിൽ’ വെച്ചായിരുന്നു പുസ്തക പ്രകാശനം.

കോട്ടയം മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് നെവിൻ പ്രമോദ്. 2024 സെപ്റ്റംബറിൽ സംഭവിച്ച ഗുരുതരമായ വാഹനാപകടത്തിൽ നിന്ന് വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് നെവിൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അപകടത്തെത്തുടർന്ന് കാതുകളിൽ എപ്പോഴും മുഴക്കം കേൾക്കുന്ന അവസ്ഥ വന്നതോടെ നെവിന് തനിക്ക് ഏറെ പ്രിയപ്പെട്ട വായനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതായി. എന്നാൽ വായന നഷ്ടപ്പെട്ട ഇടത്തുനിന്ന് കവിത എഴുതിക്കൊണ്ടാണ് നെവിൻ ഈ പ്രതിസന്ധിയെ മറികടന്നത്.

സ്വന്തം പരിമിതികളെയും വേദനകളെയും സർഗ്ഗാത്മകത കൊണ്ട് തോൽപ്പിച്ച നെവിന്റെ പോരാട്ടവീര്യമാണ് ഈ കൃതിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്രതിസന്ധികളിൽ തളർന്നുപോകുന്നവർക്ക് ഈ പുസ്തകം വലിയൊരു ആശ്വാസവും ഊർജ്ജവുമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്ലസ് ടു പഠനത്തിനിടയിലും ഇത്തരമൊരു ഉദ്യമത്തിന് മുതിർന്ന നെവിനെ മന്ത്രി അഭിനന്ദിച്ചു. ആൽഫാ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.