സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തിരുവനന്തപുരം: പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ സിദ്ധ ദിനാചാരണത്തോടനുബന്ധിച്ച് വിവിധ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. നാഡി സംബന്ധമായ രോഗങ്ങൾക്കുള്ള വർമ്മ സ്പെഷ്യാലിറ്റി ഒപി, കുട്ടികളുടെ അലർജി,ശ്വാസ കോശ സംബന്ധമായ രോഗങ്ങൾക്കുള്ള ‘പ്രാണ’ ഒപി, ജീവിത ശൈലി രോഗങ്ങൾക്കുള്ള പ്രത്യേക ക്ലിനിക്ക്, സ്ത്രീകളിലെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള മഗളിർ ജ്യോതി ഒപി,ത്വക്ക് രോഗ ചികിത്സാ വിഭാഗം തുടങ്ങി വിവിധ സ്പെഷ്യാലിറ്റികളിലായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഇതോടൊപ്പം കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള പൂജപ്പുര സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഒ.പി വിഭാഗവും പ്രദർശനവും സജ്ജീകരിച്ചിരുന്നു.സൗജന്യ ഔഷധ വിതരണവും രക്ത പരിശോധനയും അസ്ഥിസന്ദ്രതാ നിർണ്ണയവും ഇതോടൊപ്പം സംഘടിപ്പിച്ചു.തിരുവനന്തപുരം കോർപറേഷന് കീഴിലുള്ള ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കി. 300 ഓളം ഹരിത കർമ്മ സേനാംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന സർക്കാരിൻ്റെ “ആരോഗ്യം ആനന്ദം ” പ്രചരണത്തിൻ്റെ ഭാഗമായി ഐസിഡിഎസ് തിരുവനന്തപുരം അർബൻ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സിദ്ധ വിഭവങ്ങൾ അടങ്ങിയ ആരോഗ്യ ഭക്ഷ്യ പ്രദർശനം നടന്നു. സംസ്ഥാന ഔഷധ സസ്യ ബോർഡിൻറെ നേതൃത്വത്തിൽ 500 ഓളം ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.



