Sun Jun 28, 2026 12:27 am
FLASH
X
booked.net

കളങ്കാവല്‍ സിനിമ വിശേഷങ്ങള്‍ പങ്കിട്ട് പ്രവര്‍ത്തകര്‍.

Entertainment / Malayalam December 24, 2025

തിരുവനന്തപുരം : മമ്മൂട്ടിയെന്ന വില്ലന്‍ കഥാപാത്രം, വിനായകനെന്ന നായക വേഷം  രണ്ടു പേരുടെയും ഷൂട്ടിംഗ് വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ സംവിധായകനും തിരകഥാകൃത്തും തുറന്നു പറഞ്ഞപ്പോള്‍ പലരിലും ഒരു സിനിമയുടെ വിജയത്തിന്റെ രഹസ്യം അറിയുവാന്‍ സാധിച്ചു. പ്രേംനസീര്‍ മൂവിക്ലബ്ബ് ഏര്യസ് പ്ലക്‌സ് തിയേറ്ററില്‍ ഒരുക്കിയ കളങ്കാവല്‍ സിനിമയുടെ സംവാദം ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. സംവിധായകന്‍ ജിതിന്‍ കെ. ജോസ്, തിരകഥാകൃത്ത് ജിഷ്ണു ശ്രീകുമാര്‍ ചിത്രത്തില്‍ അഭിനയിച്ച 15 ഓളം താരങ്ങള്‍ ഒന്നിച്ചപ്പോള്‍ പ്രേക്ഷകരുടെ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും സിനിമക്കുള്ളിലെ വിജയ രഹസ്യങ്ങള്‍ക്ക് തുറന്ന വേദിയായി മാറി. നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച സംവാദം സൂര്യ കൃഷ്ണമൂര്‍ത്തി ഉല്‍ഘാടനം ചെയ്തു.

തലസ്ഥാനത്ത് ഇത്തരം വേദികള്‍ ഒരു സിനിമക്ക് ആവശ്യമാണെന്നും ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ഒരു സിനിമയെയും നിരാകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു നായക നടന്‍ എന്നതിലുപരി ഒരു വില്ലന്‍ വേഷം ഗംഭീരമാക്കാന്‍ മമ്മൂട്ടിയെന്ന നടനും അതോടൊപ്പം 20 നായികമാര്‍ക്കും സാധിച്ചുമെന്ന് നടന്‍ അലന്‍സിയാര്‍ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി പ്രസ്താവിച്ചു. ഫിലിം പി.ആര്‍.ഒ. അജയ് തുണ്ടത്തില്‍ മോഡറേറ്ററായിരുന്നു. സംവിധായകരായ ബാലു കിരിയത്ത്, ജോളിമസ് , സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, ഡോ: വാഴമുട്ടം ചന്ദ്രബാബു, എം.എച്ച്. സുലൈമാന്‍, ഡോ:ഷാനവാസ്, വിജയകുമാരന്‍ നായര്‍, അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.