കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ സംരംഭത്തിന് കീഴിലെ യുവ സംഗമം പരിപാടിയുടെ ഭാഗമായി കാശി ഹിന്ദു സർവകലാശാലയുടെ (BHU) നേതൃത്വത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള സംഘം കേരളത്തിലെത്തി.
പാലക്കാട് എത്തിയ സംഘത്തെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പാലക്കാട് ഐഐടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐഐടിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
കാശി ഹിന്ദു സർവകലാശാലയിലെ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിലെ സീനിയർ അസോസിയേറ്റ് പ്രൊഫസറായ ഡോ. ബാലാ ലഖേന്ദ്ര, ഐഐടി പാലക്കാട് അധ്യാപകനും യുവസംഘം നോഡൽ ഓഫീസറുമായ ഡോ. വിനീത് നാരായണൻ എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.
രാജ്യത്തെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ, ഭാഷകൾ, ആചാരങ്ങൾ, ജീവിതരീതികൾ എന്നിവയിൽ പരസ്പര ധാരണയും ഐക്യവും വളർത്താൻ ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടത്തുന്ന സംരംഭമാണ് ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’.
വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ പരസ്പരം സംസ്കാരം, കല, സാഹിത്യം, പാരമ്പര്യം എന്നിവ പരിചയപ്പെടുത്തുന്ന ഈ പദ്ധതി ഒരുമ, സാഹോദര്യം, സൗഹാർദ്ദം, ദേശസ്നേഹം എന്നിവ ശക്തമാക്കുന്നു. നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ ആദർശം യാഥാർത്ഥ്യമാക്കിക്കൊണ്ട്, ഈ മുൻകൈ രാഷ്ട്ര പുരോഗതിക്കും സമൃദ്ധിക്കും സംഭാവന നൽകുന്നതാണ്.
യുവാക്കളിൽ ദേശീയ ഐക്യം, സാംസ്കാരിക ധാരണ, പരസ്പര സഹകരണം എന്നിവ വികസിപ്പിക്കുന്നതിനായി ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ സംരംഭത്തിന് കീഴിൽ വിദ്യാഭ്യാസ മന്ത്രാലയം വർഷങ്ങളായി ‘യുവ സംഗമം’ പരിപാടി സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിലൂടെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ സംസ്കാരം, ഭാഷ, ഭക്ഷണം, വേഷവിധാനം, ചരിത്രപരമായ സ്ഥലങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിവ മനസിലാക്കാൻ അവസരം ലഭിക്കുന്നു.
പുസ്തക അറിവുകൾക്കപ്പുറം ഭാരതത്തിന്റെ യഥാർത്ഥ വൈവിധ്യം അനുഭവിച്ചറിയാൻ യുവ സംഗമം യുവാക്കളെ സഹായിക്കുകയും യുവാക്കളെ ഭാരതത്തിന്റെ പാരമ്പര്യവും വികസന സാധ്യതകളും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും വികസിത ഭാരത നിർമ്മിതിയിൽ യുവാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും യുവ സംഗമം ഒരു പ്രധാന മാധ്യമമാണ്.
ഈ വർഷവും ഉത്തർപ്രദേശിലെ നോഡൽ സർവകലാശാലയായി കാശി ഹിന്ദു സർവകലാശാലയെയും കേരളത്തിലെ നോഡൽ സ്ഥാപനമായി ഐഐടി പാലക്കാടിനെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. യുവ സംഗമത്തിൻറെ ഭാഗമായി വാരണാസിയിലെ കാശി ഹിന്ദു സർവകലാശാലയുടെ നേതൃത്വത്തിലുള്ള 55 അംഗ സംഘം (50 വിദ്യാർത്ഥികളും 5 അധ്യാപകരും) നവംബർ 5 മുതൽ നവംബർ 13 വരെ കേരളത്തിലെ വിവിധ സാംസ്കാരിക, മതപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശനം നടത്തും. ഒക്ടോബറിൽ കേരള സംഘം വാരാണാസിയിൽ സന്ദർശനം നടത്തിയിരുന്നു.



