ധനക്കമ്മി കൃത്യമായി നിയന്ത്രണവിധേയമാക്കി നിലനിര്‍ത്തിക്കൊണ്ടുതന്നെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധനച്ചെലവ് (Capex) ശക്തമായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം പൂര്‍ണ്ണതോതില്‍ എത്തുന്നതുവരെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് വിപണിയില്‍ പണമിറക്കുമെന്ന് സാരം. അടിസ്ഥാന വികസനത്തിന് വേഗം കൂട്ടുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കാനുള്ള പ്രായോഗിക ഫോര്‍മുലയാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. സാധാരണക്കാര്‍ക്ക് ക്ഷേമപദ്ധതികളുടെ ആശ്വാസവും, യുവാക്കള്‍ക്ക് എഐ തൊഴില്‍ നൈപുണ്യവും ഉറപ്പാക്കി താഴെത്തട്ടില്‍ നിന്നുള്ള സുസ്ഥിരമായ വളര്‍ച്ചയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
സര്‍ക്കാരിന്റെ വളര്‍ച്ച തന്ത്രംഅടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധനച്ചെലവുകള്‍ ശക്തമായി തുടരുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാന തന്ത്രം. വികസനത്തിനായി പണം ചെലവാക്കുമ്പോഴും സാമ്പത്തിക അച്ചടക്കം പാലിച്ച് ധനക്കമ്മി കൃത്യമായി നിയന്ത്രണവിധേയമാക്കും. സ്വകാര്യ മേഖല സ്വന്തം നിലയ്ക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കാനും, വ്യവസായങ്ങള്‍ വികസിപ്പിക്കാനും മുന്നോട്ടുവരുന്നതുവരെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുമെന്നു സാരം.
കഴിഞ്ഞ 4-5 വര്‍ഷമായി സര്‍ക്കാര്‍ നടത്തുന്ന മൂലധനച്ചെലവുകള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളും മികച്ച ഫലങ്ങളും ഉണ്ടാക്കിയെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കുന്നു. വികസന പദ്ധതികള്‍ക്കായി പണം ചെലവാക്കുമ്പോഴും സാമ്പത്തിക അച്ചടക്കം പാലിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ മുന്‍ഗണനയാണെന്ന് അവര്‍ പറഞ്ഞു.
സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ അടുത്ത ഘട്ടത്തില്‍ വായ്പാ സൗകര്യങ്ങള്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നിവ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യവസായ മേഖലയ്ക്ക് ആവശ്യമായ വൈദഗ്ദ്ധ്യം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുന്നതിനായി, രാജ്യത്തെ എല്ലാ ജില്ലകളിലും എ.ഐ (AI) പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ നിലവിലെ വേഗവും മുന്നേറ്റവും നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ ഈ നയങ്ങള്‍ അത്യാവശ്യമാണെന്ന് വിദഗ്ധരുഗ വിശ്വസിക്കുന്നു. വികസിത് ഭാരത് (Viksit Bharat) എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെയും സമ്പദ്വ്യവസ്ഥയെയും സജ്ജമാക്കാന്‍ ഈ തന്ത്രങ്ങള്‍ക്കു സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ കഴിവും, വ്യവസായ മേഖല ആവശ്യപ്പെടുന്ന തൊഴില്‍ നൈപുണ്യവും തമ്മിലുള്ള വലിയ അന്തരം കുറയ്ക്കാന്‍ നൈപുണ്യ വികസന പദ്ധതികള്‍ സാധിക്കും
സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ വഴി ഭക്ഷ്യസുരക്ഷ, ഭവനം, കുടിവെള്ളം, ശുചിത്വം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ സാധാരണക്കാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയതിലൂടെ 2023 അവസാനത്തോടെ ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 25 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറഞ്ഞുവെന്ന ലോകബാങ്ക് റിപ്പോര്‍ട്ട് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
ബിസിനസ് തുടങ്ങാനും വികസിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വായ്പാ സൗകര്യങ്ങള്‍ ലഭ്യമാക്കും. 2047-ഓടെ രാജ്യത്തെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളില്‍ പരിശീലനം ലഭിക്കുന്നത് യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കും.
ജനങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികളുടെ ചെലവുകളും, സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കവും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥ എപ്പോഴും നിലനിര്‍ത്തുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് വിദഗ്ധര്‍ പറയുന്നു. പാളിച്ചകള്‍ വലിയ തിരിച്ചടികള്‍ക്കു കാരണമാകാം.
ധനക്കമ്മി വര്‍ദ്ധിക്കാതെ തന്നെ സമ്പദ്വ്യവസ്ഥയെ വളര്‍ത്താനും, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായുള്ള പണച്ചെലവ് നിലനിര്‍ത്താനുമുള്ള പുതിയതും പ്രായോഗികവുമായ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്.
രാജ്യത്തിന്റെ ഭാവി വികസനത്തിന് ബാങ്കിംഗ് മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആവശ്യമാണെന്ന് പഠിച്ച് നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി ഇതോടകം വ്യവസായ പ്രമുഖരെയും, വിദഗ്ധരെയും ഉള്‍പ്പെടുത്തി ഒരു ഉന്നതതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.



