തിരുവനന്തപുരം: ആർ എസ്‍ പി മുൻ ജനറൽ സെക്രട്ടറി പ്രഫ: ടി.ജെ. ചന്ദ്രചൂഡന്‍റെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് പ്രമുഖ മാധ്യമപ്രവർത്തകൻ ആർ. രാജഗോപാലിനെ തെരഞ്ഞെടുത്തു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നൽകിയ കനപ്പെട്ട സംഭാവനകൾ മാനിച്ചാണ് ‘ദ് ടെലിഗ്രാഫ്’ പത്രത്തിന്റെ മുൻ പത്രാധിപരായ രാജഗോപാലിനെ പുരസ്‌കാരത്തിന് ആർഎസ്‍പി സംസ്ഥാന സെക്രട്ടറിയും വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രിയുമായ ഷിബു ബേബിജോൺ അധ്യക്ഷനായുള്ള ജൂറി തെരഞ്ഞെടുത്തത്. പ്രശസ്തി പത്രവും 25,000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം.
സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിർണായകമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു കരുത്തും സംശുദ്ധിയും ആദർശ പ്രതിബദ്ധതയും ജീവിതത്തിലുടനീളം നിലനിർത്തിയ ആർഎസ്‌പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ. കേരളത്തിലെയും ദേശീയതലത്തിലെയും രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ഇടതുപക്ഷ കാഴ്ചപ്പാടിൽ ഉറച്ചുനിന്ന് ഇടപെടലുകൾ നടത്തുകയും ഉന്നതശീർഷരായ മറ്റ് നേതാക്കളോട് തോളോട് തോൾ ചേർന്നു.നിന്ന് ആർഎസ്‌പി പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.
സഖാവ് ചന്ദ്രചൂഡൻ പൊതുമണ്ഡലത്തിൽ നടത്തിയ നിർണ്ണായക ഇടപെടലുകളെ അടയാളപ്പെടുത്തുന്നതിനായി കേരളത്തിന്റെ സാമൂഹിക – രാഷ്ട്രീയ – സാംസ്‌കാരിക ജീവിതത്തിന് നിസ്തുല സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ് ‘പ്രഫ. ടി.ജെ. ചന്ദ്രചൂഢൻ സ്മാരക പുരസ്‌കാരം’.
മൂന്നര പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് പ്രവർത്തിച്ചുവരുന്ന ആർ. രാജഗോപാൽ 2016 മുതൽ 2023 വരെ ‘ദ് ടെലിഗ്രാഫി’ന്റെ എഡിറ്റർ എന്ന നിലയിൽ കാട്ടിയ സ്ഥൈര്യവും, നിശിതമായ നിലപാടുകളും, മൂർച്ചയുള്ള വാർത്ത വിന്യാസ രീതികളും ഇന്ത്യൻ മാധ്യമചരിത്രത്തിൽ അദ്ദേഹത്തിന് സവിശേഷമായ സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്ക് അദ്ദേഹം നൽകിയ വില വലുതായിരുന്നു.
സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്ന് ഗോൾഡ് മെഡലോടെയാണ് കോഴ്സ് പൂർത്തിയാക്കിയത്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനായി ആരംഭിച്ച അദ്ദേഹം പിന്നീട് കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായി ‘ദി ഇക്കണോമിക് ടൈംസ്’, ‘ബിസിനസ് സ്റ്റാൻഡേർഡ്’ എന്നീ ദിനപത്രങ്ങളിലും ന്യൂഡൽഹിയിൽ ‘ഇന്ത്യ ടുഡേ’ മാഗസിനിലും പ്രവർത്തിച്ചിട്ടുണ്ട്. 2008 മുതൽ ‘ദ് ടെലിഗ്രാഫ്’ ദിനപത്രത്തിന്റെ വാർത്താ വിഭാഗത്തിന്റെ ഭാഗമായി; തുടർന്ന് പത്രാധിപരും.
ഒക്ടോബർ 31 -ാം തീയതി പകൽ 12 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടക്കുന്ന പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി പാർവ്വതി ചന്ദ്രചൂഡൻ അറിയിച്ചു



