“ആഹ് നല്ല വെളുത്ത് തുടുത്ത കുട്ടി. “
മലയാളികളുടെ സൗന്ദര്യബോധം തുടങ്ങുന്നത് തന്നെ നിറത്തിൽ നിന്നാണ്.
വെളുത്ത നിറമാണ് സൗന്ദര്യമെന്ന ധാരണയും കറുത്ത നിറം മോശമാണെന്നുമാണ്
പൊതുവായ ധാരണ.
അത് തെളിയിക്കുന്ന തരത്തിലാണ് വർധിച്ചു വരുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പരസ്യങ്ങളും.നിറം വർദ്ധിപ്പിക്കാനെന്ന വ്യാജേന എത്ര എത്ര ഉൽപ്പെന്നങ്ങളാണ് വിപണി കീഴടക്കിവച്ചിരിക്കുന്നത്.
അവിടെയും അവയുടെയൊക്കെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്ന മോഡലുകളുടെ നിറം വെളുപ്പാണ്.
അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിൽ നിറത്തിന് വലിയ പ്രസക്തി ഉണ്ടാവുന്നില്ലങ്കിൽ പോലും നമ്മുടെ ഇവിടെ സൗന്ദര്യത്തിന് മാനദണ്ഡം തന്നെ നിറമാണ് എന്നതാണ് സത്യം.
കാർവണ്ണനെന്ന് വിളിപ്പേരുള്ള കൃഷ്ണനെ പോലും നമ്മൾ എവിടെയും കറുത്ത നിറത്തിൽ കാണുന്നില്ല. വിപണിയിൽ നീല നിറത്തിലും മറ്റും മാത്രമാണ് കൃഷ്ണനെ പോലും അവതരിപ്പിക്കുന്നത്…
നിറം മനുഷ്യന്റെ സ്വാഭാവവുമായി താരതമ്യ പെടുത്തുന്നതും പതിവായി മാറിയിരിക്കുന്നു.
ഒരു ഉദാഹരണം പറയാം.
നമ്മുടെ ഇതിഹാസ സിനിമയോ പരമ്പരകളോ എടുത്താൽ അവിടെ പോസറ്റീവ് ആയ മനുഷ്യർക്ക്, അതായത് ദൈവങ്ങൾക്ക് വെളുത്ത നിറവും പിശാച് രാക്ഷസൻ തുടങ്ങിയവയ്ക്ക് കറുത്ത നിറവും നൽകുന്നു.
അതായത് നിറത്തിന്റെ വിവേചനം രാവും പകലും പോലെ സത്യം.
നിറത്തിന്റെ പേരിൽ സെലിബ്രിറ്റികളും വേട്ടയാടപെട്ടിട്ടുണ്ട് എന്നത് സത്യമാണ്.
പല നടീ നടന്മാരും അവർക്കുണ്ടായ മോശം അനുഭവങ്ങളെ തുറന്ന് പറഞ്ഞിട്ടുണ്ട്.
കഴിവുണ്ടായിട്ടും പരിഗണിക്കാതെ പോയത് നിറത്തിന്റെ പേരിൽ മാറ്റി നിർത്തിയത് ഒക്കെ തുറന്ന് പറഞ്ഞവർ ഒരുപാടാണ്.
കലാഭവൻ മണിയും സഹോദരൻ
ആർ എൽ വി രാമകൃഷ്ണനും ജാസിഗിഫ്റ്റും ഒക്കെ പൊതു ഇടങ്ങളിൽ അപമാനിക്കപെട്ടവരാണ്.
പുതു തലമുറ ബോഡി ഷേമിങ്ങിനെയും നിറത്തിന്റെ വിവേചനത്തെയും ഒന്നും പ്രോത്സാഹിപ്പിക്കുന്ന കൂട്ടത്തിൽ അല്ലെങ്കിൽ പോലും
സമൂഹം കൈ മാറി വരുന്ന പൊതു ബോധത്തിൽ നിന്ന് നിറത്തിന്റെ പേരിൽ സ്കൂളിലും കോളേജുകളിലും വിവേചനമുണ്ടാകുന്നുണ്ട് എന്ന് തുറന്നു കാട്ടുന്നുണ്ട്.
ചെറിയ ക്ലാസ്സ് മുതൽ കുഞ്ഞുങ്ങളും അതിനിരയാവുന്നു.
ഡാൻസ് കളിക്കാൻ ക്ലാസ്സിൽ നിറമുള്ള കുട്ടികളെ മാത്രം സെലക്ട് ചെയ്യുന്ന ടീച്ചർമാർ കുഞ്ഞുങ്ങൾക്കിടയിൽ നിറം എന്ന
വിഷം കുത്തിവെയ്ക്കുന്നു.
മറ്റൊരു വശത്തു നിറത്തിന്റെ പേരിൽ
അപമാനിക്കപ്പെട്ട കുഞ്ഞുങ്ങളിൽ കടുത്ത അപകർഷതാബോധം വളർത്തിയെടുക്കുന്നു.
ചിലർ വിഷാദത്തിലേക്ക് വീഴുന്നു.
നിറവും ജാതിയും എപ്പോഴും പരസ്പര പൂരകങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
നിറം കുറവായതിനാൽ മനുഷ്യരെ താഴ്ന്ന ജാതിയായി കണക്കാക്കി മാറ്റി നിർത്തുന്ന സംഭവങ്ങൾ ഒട്ടനവധിയാണ്.
“അയ്യോ നിങ്ങളെ കണ്ടാൽ താഴ്ന്ന ജാതിയാണ് എന്ന് പറയില്ല “
കാഴ്ച്ചയിൽ എങ്ങനെയാണ് ഒരു മനുഷ്യന്റെ ജാതി പറയുക.
പൊതു വേദികളിൽ തൊഴിലിടങ്ങളിൽ
സിനിമയിൽ ഒക്കെ നിറത്തിന്റെ പേരിൽ മാറ്റി നിർത്ത പെടുന്നത് സാധാരണമെന്ന് അനുഭവസ്ഥർ പറയുന്നു.
വിവാഹമാർക്കറ്റിലും നിറത്തിന് വലിയ പ്രസക്തിയുണ്ട് എന്ന് മാട്രിമോണി സൈറ്റിൽ
നിന്നും “വെളുത്ത നിറം ” ബോധ്യപ്പെടുത്തുന്നുണ്ട്.
നിറത്തിന്റെ പേരിൽ കഴിവുണ്ടായിട്ടും മാറ്റി നിർത്തപ്പെട്ട ആളുകളെ ഓർക്കുമ്പോൾ അവരുടെ ഉള്ളിലുടലെടുക്കുന്ന അപകർഷതാ ബോധം,നമ്മുടെ സമൂഹം ചാർത്തി കൊടുക്കുന്ന ട്രോമയൊക്കെ ജീവിതകാലം മുഴുവനും അവർ പേറി നടക്കേണ്ടി വരുന്നു.
സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമായിട്ടും കേരളത്തിൽ ഇന്നും ഇത്തരം കാഴ്ചപ്പാടുകളെ കൊണ്ട് നടക്കുന്ന സമൂഹമാണെന്ന് ആലോചിക്കുമ്പോൾ ആശ്ചര്യം തോന്നും.
അതേ ചിലതൊന്നും എത്ര തൂത്താലും പോവാത്ത രാഷ്ട്രീയമായി ഇവിടെ നിലനിൽക്കുന്നു.വരും തലമുറയും അവയുടെ ഇരകളാകുന്നു.
ജാതിയില്ലാത്ത നിറമില്ലാത്ത മനുഷ്യർ മാത്രമായി ജീവിക്കാൻ ഒരു സമൂഹം തയ്യാറാവട്ടെ…
വരും തലമുറയെങ്കിലും ഇവിയൊന്നും ആവർത്തിക്കപെടാതെ ഇരിക്കട്ടെ.
സബിത രാജ്



