Fri Sep 18, 2026 2:09 pm
FLASH
X

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: സർക്കാരിന്റെ നിയമോപദേശത്തിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനം

HOME / Kerala / Latest News September 18, 2026

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്ന നിലപാട് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചതിന് പിന്നാലെ, അനുമതി വേണമെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ നിലപാട്. ഇതിലെ വൈരുധ്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്.

സർക്കാരിന് ആരാണ് നിയമോപദേശം നൽകുന്നതെന്ന് ജസ്റ്റിസ് ബദറുദ്ദീൻ ചോദിച്ചു. വിജിലൻസ് അഭിഭാഷകന്റെ നിലപാടിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പദവിയിൽ തുടരാൻ അദ്ദേഹം യോഗ്യനാണോയെന്നുവരെ കോടതി ചോദ്യം ചെയ്തു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു.

തുടർന്ന് ഹാജരായ സ്റ്റേറ്റ് അറ്റോർണി വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. പ്രോസിക്യൂഷന് അനുമതി ആവശ്യമാണോ എന്നതിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹർജി മാറ്റിവെച്ചു.

കേസ് അന്വേഷണം വൈകുന്നതിലും ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

2016ൽ വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരായ കേസിൽ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയുണ്ടാക്കി പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്‌എൻഡിപി കോടികൾ വായ്പയെടുത്തെന്നായിരുന്നു ആരോപണം. സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും നടത്തി 15 കോടി രൂപ തട്ടിയെന്നാണ് വി.എസ്. അച്യുതാനന്ദൻ പരാതിയിൽ ആരോപിച്ചിരുന്നത്.