തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം. സെപ്റ്റംബർ 2 വൈകുന്നേരം 5.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ INCOIS അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങളിലും കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമാണ് മുന്നറിയിപ്പ്.
അതേസമയം, കന്യാകുമാരി തീരത്തും സെപ്റ്റംബർ 2 വൈകുന്നേരം 5.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതുപോലെ തന്നെ അപകടകരമാണ് അവ കരയിലേക്ക് അടുപ്പിക്കുന്നതും. അതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും ഒഴിവാക്കണം.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുകയും വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും വേണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.



