തിരുവനന്തപുരം: ഓഗസ്റ്റ് 31നൊപ്പം ചില പ്രധാന സാമ്പത്തിക നടപടികളുടെ സമയപരിധി അവസാനിക്കുകയാണ്. സെപ്റ്റംബർ 1 മുതൽ സാധാരണക്കാരുടെ ദൈനംദിന സാമ്പത്തിക കാര്യങ്ങളെയും യാത്രാ ചെലവുകളെയും ബാധിച്ചേക്കാവുന്ന വിവിധ മാറ്റങ്ങൾ നിലവിൽ വരും. ആദായനികുതി റിട്ടേൺ സമർപ്പണം, എൽപിജി ഇ-കെവൈസി തുടങ്ങിയവയാണ് ഓഗസ്റ്റ് 31നകം പൂർത്തിയാക്കേണ്ട പ്രധാന നടപടികൾ.
ടാക്സ് ഓഡിറ്റിന് വിധേയമല്ലാത്ത ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനമുള്ളവർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. സമയപരിധിക്ക് ശേഷം റിട്ടേൺ സമർപ്പിക്കുന്നവർക്ക് ലേറ്റ് ഫീ ബാധകമാകും. മൊത്തം വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് 1,000 രൂപയും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർക്ക് 5,000 രൂപയുമാണ് വൈകിയുള്ള സമർപ്പണത്തിനുള്ള ഫീസ്.
ആധാർ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കാത്ത ഗാർഹിക എൽപിജി ഉപഭോക്താക്കൾ ഓഗസ്റ്റ് 31നകം നടപടികൾ പൂർത്തിയാക്കണം. എൽപിജി വിതരണ ഏജൻസികൾ വഴിയോ ഔദ്യോഗിക ഡിജിറ്റൽ സംവിധാനങ്ങൾ വഴിയോ ഇ-കെവൈസി പൂർത്തിയാക്കാം. സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇ-കെവൈസി ആവശ്യമായി വരും.
സെപ്റ്റംബർ 1 മുതൽ എൽപിജി സിലിണ്ടറുകളുടെ വിലയിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. എണ്ണക്കമ്പനികൾ സാധാരണയായി എല്ലാ മാസവും ഒന്നാം തീയതി ഗാർഹിക, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില പുനഃപരിശോധിക്കാറുണ്ട്. അതിനാൽ സെപ്റ്റംബർ ഒന്നിന് പുതിയ നിരക്ക് പ്രഖ്യാപിച്ചേക്കും.
വിമാന ഇന്ധനമായ എവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (ATF) വിലയും സെപ്റ്റംബർ ഒന്നിന് പുതുക്കും. ഇന്ധനവിലയിൽ വർധനയുണ്ടായാൽ വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് ഉയരുകയും പിന്നീട് ടിക്കറ്റ് നിരക്കിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുകയും ചെയ്തേക്കാം.
ബാങ്കിംഗ് സേവന നിരക്കുകളിലും മാറ്റങ്ങൾ ഉണ്ടായേക്കാം. എടിഎം ഇടപാടുകൾ, പണം കൈകാര്യം ചെയ്യുന്നതിനുള്ള ചാർജുകൾ, അക്കൗണ്ട് സേവനങ്ങൾ തുടങ്ങിയവയുടെ നിരക്കുകൾ ബാങ്കുകൾ കാലാകാലങ്ങളിൽ പുതുക്കാറുണ്ട്. ഓരോ ബാങ്കിനും വ്യത്യസ്ത നിരക്കുകളായതിനാൽ ഉപഭോക്താക്കൾ സ്വന്തം ബാങ്കിന്റെ പുതിയ നിരക്കുകൾ പരിശോധിക്കുന്നത് നല്ലതാണ്.
അതേസമയം, രാജ്യാന്തര വിമാന യാത്രക്കാർക്ക് ആശ്വാസകരമായ മറ്റൊരു മാറ്റവും നിലവിൽ വന്നിട്ടുണ്ട്. ഇമിഗ്രേഷൻ പരിശോധനയ്ക്കായി ബോർഡിങ് പാസിൽ സീൽ പതിക്കുന്ന രീതി ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഒഴിവാക്കി. ഇനി ഫോണിലെ ഡിജിറ്റൽ ബോർഡിങ് പാസ് കാണിച്ചാൽ മതിയാകും.



