തിരുവനന്തപുരം : നഗരസഭ മണ്ണന്തല വികസന സമിതിയുടെ നേതൃത്വത്തിൽ മണ്ണന്തലയിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണം ഫെസ്റ്റ് 2026 നു തിളക്കമാർന്ന തുടക്കം.ആഗസ്റ്റ് 22 നു വൈകുന്നേരം അഞ്ചു മണിയോടെ മാർ ഇവാനിയോസ് കോളേജ് സ്റ്റെപ്പ് ജംഗ്ഷനിൽ നിന്നു സമാരംഭിച്ച വിളംബര ഘോഷയാത്രയിൽ വിവിധ റസിഡൻസ് അസോസിയേഷനുകളിലെ 500 ഓളം അംഗങ്ങൾ സംബന്ധിച്ചു. ബാൻഡ് മേളം,സ്തൃീകൾ നയിച്ച ചെണ്ടമേളം,കരാട്ടെ അഭ്യാസം തുടങ്ങിയ കലാകായികവിരുന്നൊരുക്കിയവർ ഉൾപ്പെടെ അനുഗമിച്ച ഘോഷയാത്ര വയമ്പാച്ചിറയിലെ കമനീയമായ കെ.ആർ.കൃഷ്ണൻ മെമ്മോറിയൽ ഓപ്പൺ എയർ ഓഡിറ്റോറിയം അങ്കണത്തിൽ സമാപിച്ചു. 67 റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ‘കോറം’ ആണ് ഘോഷയാത്രയുടെ അമരക്കാർ.
ഓണപ്പകിട്ടുകളിൽ അതീവ ഹൃദ്യമായത് കുളത്തിന്റെ മറുഭാഗത്തു പ്രശോഭിക്കുന്ന ദീപാലംകൃതമായ കഥകളിരൂപവും ദീപാവലിയും അതു കുളത്തിന്റെ നിശ്ചലതയിൽ പ്രതിഫലിപ്പിക്കുന്ന കാഴ്ചയുമാണ് .കുളത്തിന്റെ ഇങ്ങേയറ്റത്ത് ഓഡിറ്റോറിയത്തിനോടു ചേർന്നു തന്നെ ബോട്ടിംഗ് സംവിധാനം ഉണ്ട് . കൂടാതെ അമ്യൂസ്മെന്റ് പാർക്കുകൾ,50 ൽപ്പരം സ്റ്റാളുകൾ,അക്വാ ഷോ,ഫുഡ് സ്ട്രീറ്റുകൾ ഇവയെല്ലാം ദ്രുതഗതിയിൽ സജ്ജമായി വരുന്നു. ഓഡിറ്റോറിയത്തിനോടു തൊട്ടുരുമ്മി, കുളിർമ പകരുന്ന കുളത്തിന്റെ ചുറ്റുവട്ടത്തിലുള്ള നടപ്പാതയുടെ ചുവരുകൾ ചിത്രകാരൻമാരുടെ കരവിരുതുകൊണ്ട് വർണ്ണാഭമാണ്.ആകെമൊത്തം ഈ നഗരാതിർത്തിയിലെ നിവാസികൾക്ക് ടൂറിസം വാരാഘോഷത്തിനൊരുങ്ങിയ കനകകുന്നിന്റെ പ്രതീതിയാണിപ്പോൾ.
ഏഴുമണിയോടെ സമാരംഭിച്ച സമ്മേളനത്തിൽ ഓണം ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം എം.എൽ.എയും മുൻകേന്ദ്രമന്ത്രിയുമായ ശ്രീ.വി.മുരളീധനും ഡോക്ടർ കെ.ജയകുമാറും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.വാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസ-കായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയൻ സ്വാഗതമാശംസിച്ചു.മണ്ണന്തല വികസന സമിതിയുടെ സെക്രട്ടറിയായ ശ്രീ.അനിൽകുമാർ എ റിപ്പോർട്ടവതരിപ്പിച്ചു.ചടങ്ങിൽ വിവിധ തുറയിലുള്ള പൗരപ്രമുഖർ ആശംസകളർപ്പിച്ചു.വിദ്യാഭ്യാസ-കാർഷിക-കലാ-കായിക രംഗത്തെ ‘കോറം’ പ്രതിഭകളെ എം.എൽ.എ ആദരിക്കുകയുണ്ടായി.

