കരുനാഗപ്പള്ളി : വിവിധ മേഖലകളിൽ രാഷ്ട്ര സേവനത്തിന് മികവ് തെളിയിച്ച വ്യക്തികൾക്കുള്ള ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം പ്രൊഫ. അരുൺ കോളശ്ശേരിൽ ഏറ്റുവാങ്ങി. തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
കലാ, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ മികച്ച സേവനങ്ങളും വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും മുൻനിർത്തിയാണ് അദ്ദേഹത്തെ ഈ ദേശീയ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
ബി.എസ്.എസ്. ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുക്കുകയും പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ ജോയിന്റ് ഡയറക്ടർ സിന്ധു മധു, ഡയറക്ടർ ജനറൽമാരായ ജയ ശ്രീകുമാർ, മഞ്ജു ശ്രീകണ്ഠൻ, ആസാദ് ആശിർവാദ്, ബാബു എൻ. കുരീപ്പുഴ എന്നിവർ സംസാരിച്ചു.



