Tue Aug 18, 2026 5:45 pm
FLASH
X

ഇനിയെങ്ങും പൂക്കാലം’, ഓണം വാരാഘോഷം 2026 ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം ചെയ്തു

Kerala August 18, 2026

ഓണാഘോഷം വലിയ അനുഭവമാക്കി മാറ്റാൻ കഴിയണമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്

ഓണാഘോഷം വലിയ അനുഭവമാക്കി മാറ്റാൻ കഴിയണമെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ ഹരിതഓണം സന്ദേശം ഉൾക്കൊണ്ടുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്നും സാംസ്‌കാരികം, ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ഓണം വാരാഘോഷം 2026- ഫെസ്റ്റിവൽ ഓഫീസ് ടൂറിസം വകുപ്പ് ഡയറക്ടറേറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം വാരാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് വിവിധ വേദികളിലായി നടക്കുന്ന ആഘോഷങ്ങൾക്കൊപ്പം 13 ജില്ലകളിലും ഡിറ്റിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓണം വാരാഘോഷം 2026ന്റെ പ്രചരണാർത്ഥം ടൂറിസം വകുപ്പ് തയാറാക്കിയ മുഖ്യമന്ത്രി വി.ഡി സതീശന്റെയും ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിന്റെയും ഓണം പ്രമോഷണൽ വീഡിയോ ലോഞ്ചിംഗും ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനവേളയിൽ നടന്നു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഈ വീഡിയോകൾ പ്രദർശിപ്പിക്കും.

ഓണം വാരാഘോഷത്തിന്റെ ലോഗോ പ്രകാശനവും വിവിധ കമ്മിറ്റി വൈസ് ചെയർമാൻമാരുടെ സാന്നിധ്യത്തിൽ മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. ടൂറിസം വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിലൊരുക്കിയ ഊഞ്ഞാലിൽ ആടിയും പായസം കുടിച്ചും ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷത്തിലും മന്ത്രി പങ്കു ചേർന്നു.

ചടങ്ങിൽ ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു ഐഎഎസ്, ഡയറക്ടർ അഞ്ജന.എം.ഐ.എ.എസ്, കെറ്റിഡിസി എം.ഡി. ഹർഷിൽ ആർ മീന ഐഎഎസ്, ഓണം വാരാഘോഷത്തിന്റെ വിവിധ കമ്മിറ്റി വൈസ് ചെയർമാൻമാരായ പാലോട് രവി, എം.എ വാഹിദ്, നെയ്യാറ്റിൻകര സനൽ, ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാർ, കെ.എസ് ഗോപകുമാർ, ലക്ഷ്മി.ആർ, കെറ്റിഡിസി ചീഫ് എഞ്ചിനീയർ ലേഖ .കെ, വിനോദ സഞ്ചാരവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.