Mon Aug 17, 2026 9:12 am
FLASH
X

ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി; ‘വന്ദേമാതരം’ പരാമർശിച്ച് മോഹനൻ കുന്നുമ്മൽ

HOME August 15, 2026

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ വീണ്ടും ആർഎസ്എസ് വേദിയിൽ. തിരുവനന്തപുരം മണിവിളയിൽ ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026’ പരിപാടിയിൽ മുഖ്യപ്രഭാഷകനായാണ് വിസി പങ്കെടുത്തത്. വേദിയിലെ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച ശേഷമാണ് അദ്ദേഹം പ്രസംഗിച്ചത്.

ഇന്ത്യ ലോകത്തെ പ്രധാന മരുന്ന് നിർമാണ കേന്ദ്രമായി മാറിയെന്നും ലോകത്തിലെ 60 ശതമാനം മരുന്നുകളും ഇന്ത്യയിൽ നിർമിക്കുന്നുവെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. വിദേശരാജ്യങ്ങൾ ഇന്ത്യയിൽനിന്ന് മരുന്നുകൾ തേടുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും വിസി വിശദീകരിച്ചു. കുഞ്ഞുനാൾ മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്നും മൂന്ന് വയസുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇതിൽ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നാല് വർഷ ബിരുദ വിദ്യാഭ്യാസ രീതി നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും കേരള സർവകലാശാലയിൽ അത് നടപ്പാക്കിയെന്നും ഇപ്പോൾ എല്ലാവരും ഈ രീതി സ്വീകരിക്കുകയാണെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.

പ്രസംഗത്തിനിടെ ‘വന്ദേമാതരം’ സംബന്ധിച്ച പരാമർശവും ശ്രദ്ധ നേടി. കുട്ടികളെ ഭാരത മാതാവിന്റെ മക്കളായി വളർത്തണമെന്നും വികസിത ഭാരതത്തിനായാണ് അവരെ ഒരുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

“ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്” എന്നായിരുന്നു വിസിയുടെ പരാമർശം. വന്ദേമാതരത്തെ എതിർക്കുന്നവർക്ക് അമ്മ ആരാണെന്ന് അറിയാത്തതാണെന്നും അവരും മാറുമെന്നും രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സി പരീക്ഷ എഴുതി ജോലി നേടണമെങ്കിൽ അതിനൊപ്പം മറ്റ് ചില കാര്യങ്ങളും ചെയ്യേണ്ടിവരുമെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. രാജ്യം പഴയ നല്ല കാലത്തേക്ക് തിരിച്ചുപോകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യത്തെ ചിലർ കൊള്ളയടിച്ചെന്നും അവർക്ക് കൂട്ടുനിന്നത് ആരാണെന്ന് അറിയാമെന്നും പരാമർശിച്ച വിസി, “കഴിഞ്ഞ നല്ല കാലത്തേക്ക് നമ്മൾ തിരിച്ചുപോകുകയാണ്” എന്നും പറഞ്ഞു.

‘വന്ദേമാതരം’ പരാമർശിച്ചുകൊണ്ടാണ് മോഹനൻ കുന്നുമ്മൽ പ്രസംഗം അവസാനിപ്പിച്ചത്. ആർഎസ്എസ് വേദിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രസംഗത്തിലെ പരാമർശങ്ങളും ഇതിനകം തന്നെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.