Sat Sep 19, 2026 5:42 pm
FLASH
X

വന്യജീവി സംഘർഷം: കവളങ്ങാട് പഞ്ചായത്തിൽ അടിയന്തര നടപടികൾക്ക് തീരുമാനം

Kerala / Latest News August 14, 2026

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ വന്യജീവി സംഘർഷം, വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ ചർച്ച ചെയ്യുന്നതിനായി സംയുക്ത യോഗം ചേർന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും ഏകോപനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു.

കവളങ്ങാട് പഞ്ചായത്തിലെ കാട്ടാനശല്യത്തിന്റെ പ്രധാന കാരണം പെരിയാർ കടന്നെത്തുന്ന ആനകളാണെന്ന് യോഗം വിലയിരുത്തി. ഭൂതത്താൻകെട്ട് മുതൽ നേര്യമംഗലം വരെയുള്ള മേഖലയിൽ ആനകളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.

ഭൂതത്താൻകെട്ട് മുതൽ നേര്യമംഗലം വരെയുള്ള 18 കിലോമീറ്റർ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആദ്യഘട്ടത്തിലെ അഞ്ച് കിലോമീറ്ററോളം പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായതായി ഷിബു തെക്കുമ്പുറം എംഎൽഎ അറിയിച്ചു. ശേഷിക്കുന്ന ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഫണ്ട് ലഭ്യമാകുന്നതോടെ ഉടൻ ആരംഭിക്കും. ഡിസംബറിന് മുമ്പായി പ്രവൃത്തികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗങ്ങൾ ഉന്നയിച്ച വിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

നീണ്ടപാറ മേഖലയിലെ 7.5 കിലോമീറ്റർ പ്രതിരോധപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നും ബാക്കിയുള്ള രണ്ട് കിലോമീറ്റർ കൂടി അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും യോഗത്തിൽ അറിയിച്ചു.

കവളങ്ങാട് പഞ്ചായത്തിലെ ബൈറോഡുകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള തുക എംഎൽഎ എന്ന നിലയിൽ സിഎസ്ആർ ഫണ്ടിലൂടെ കണ്ടെത്തി ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും ഷിബു തെക്കുമ്പുറം പറഞ്ഞു.

പെരിയാറിന്റെ തീരത്ത് വന്യജീവികളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി കർശനമായ നിരീക്ഷണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ഇതിനായി ഒരു ബോട്ട് അടിയന്തരമായി ആവശ്യമാണ് എന്ന് വിലയിരുത്തി ബോട്ട് വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ വനം, റവന്യൂ, തദ്ദേശസ്വയംഭരണം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും ജനങ്ങൾക്ക് ആവശ്യമായ സഹായം വേഗത്തിൽ ലഭ്യമാക്കാനും യോഗത്തിൽ ധാരണയായി.

കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിബു തെക്കുമ്പുറം എംഎൽഎ, ഡിഎഫ്ഒ സൂരജ് ബെൻ, തഹസിൽദാർ സതീശൻ, വൈസ് പ്രസിഡന്റ്‌ ജോബി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. സിദ്ധിക്ക്, പ്രിയങ്ക ടോമി, മേഘ ഷിബു, മൂന്നാർ റേഞ്ച് ഓഫീസർ സിബിൻ, കോതമംഗലം റേഞ്ച് ഓഫീസർ സഞ്ജീവ് കുമാർ, നഗരമ്പാറ അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസർ അനീഷ് കെ.എസ്, വില്ലേജ് ഓഫീസർമാരായ ബിജു, ദിവ്യ, വാർഡ് മെമ്പർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.