കൊച്ചി: ബിജു മേനോനും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന പുതിയ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം നർമ്മത്തിൽ ചാലിച്ച ഫാമിലി ഡ്രാമയായാണ് ഒരുങ്ങുന്നത്.
അവറാച്ചനും മക്കളും അവരുടെ കുടുംബ-സാമൂഹിക ബന്ധങ്ങളും ചുറ്റിപ്പറ്റിയുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്. ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ലിസ്റ്റിൻ സ്റ്റീഫനൊപ്പം ജസ്റ്റിൻ സ്റ്റീഫനാണ് സഹനിർമ്മാണം. സന്തോഷ് കൃഷ്ണനും നവീൻ പി. തോമസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ. സനൽ ദേവ് സംഗീതം ഒരുക്കുന്നു.
അജി കുറ്റിയാനിയാണ് കലാസംവിധാനം. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ എന്നിവർ സൗണ്ട് ഡിസൈൻ നിർവഹിക്കുന്നു.
സെപ്റ്റംബറിൽ ചിത്രം തിയേറ്ററുകളിലെത്തുന്നതോടെ ബിജു മേനോന്റെ ആരാധകരും കുടുംബപ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.



