Tue Aug 11, 2026 4:54 pm
FLASH
X

‘വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ

Entertainment / Tamil August 11, 2026

കൊച്ചി: സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ആഗോള റിലീസിന് ഒരുങ്ങുന്നു. മമിത ബൈജു നായികയാകുന്ന ചിത്രം ഓഗസ്റ്റ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ തമിഴ്നാട് അഡ്വാൻസ് ബുക്കിങ് ഇന്ന് വൈകിട്ട് ആറിന് ആരംഭിക്കും.

യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഗംഭീര ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയിലറും ഗാനങ്ങളും നൽകുന്നത്.

മമിത ബൈജുവിനൊപ്പം രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണിത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ‘വിശ്വനാഥ് ആൻഡ് സൺസി’നുണ്ട്.

ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

കേരളത്തിൽ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

നിമിഷ് രവിയാണ് ഛായാഗ്രഹണം. ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു. നവീൻ നൂലിയാണ് എഡിറ്റർ. ബംഗ്ലാനാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. വി. വെങ്കട്ട് ആക്ഷൻ കൊറിയോഗ്രഫിയും ശേഖർ വിജെ, വിജയ് ബിന്നി എന്നിവർ നൃത്തസംവിധാനവും നിർവഹിക്കുന്നു.

ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നതോടെ സൂര്യ ആരാധകരും മമിത ബൈജുവിന്റെ മലയാളി പ്രേക്ഷകരും ഉൾപ്പെടെ വലിയ പ്രതീക്ഷയിലാണ്.