Tue Aug 04, 2026 6:41 pm
FLASH
X

വൻ കുതിപ്പ്; ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ക്ക് ചരിത്ര ഓപ്പണിംഗ്

Entertainment / Hollywood August 4, 2026

ലോക ബോക്‌സ് ഓഫീസിൽ രണ്ടാമത്തെ വലിയ ആദ്യ വാരാന്ത്യ നേട്ടം; 2019-ൽ പുറത്തിറങ്ങിയ ‘അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം’ നേടിയ റെക്കോർഡിന് പിന്നിലാണ് പുതിയ സ്പൈഡർമാൻ ചിത്രം ഇടംപിടിച്ചത്.

ടോം ഹോളണ്ടും സെൻഡായയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ആദ്യ വാരാന്ത്യത്തിൽ തന്നെ നിർമാണച്ചെലവായ 225 മില്യൺ ഡോളർ മറികടന്ന് വൻ വിജയത്തിലേക്ക് കുതിച്ചു. വടക്കേ അമേരിക്കയിൽ മാത്രം 360 മില്യൺ ഡോളറിന്റെ കളക്ഷൻ നേടി യുഎസിലെയും കാനഡയിലെയും ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ റെക്കോർഡും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ 73,000-ലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം യുഎസിന് പുറത്തുനിന്ന് 572 മില്യൺ ഡോളർ നേടി. ഇതിൽ ചൈനയിൽ നിന്ന് 121 മില്യൺ ഡോളറും, യുകെയിൽ നിന്ന് 49 മില്യൺ ഡോളറും ലഭിച്ചതായി വിതരണക്കാരായ സോണി പിക്‌ചേഴ്‌സ് അറിയിച്ചു.

2021-ലെ ‘സ്പൈഡർമാൻ: നോ വേ ഹോം’ എന്ന ചിത്രത്തിന്റെ തുടർച്ചയായി എത്തുന്ന ‘ബ്രാൻഡ് ന്യൂ ഡേ’, പീറ്റർ പാർക്കറുടെ പുതിയ ജീവിതവും കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടവുമാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ടോം ഹോളണ്ടിന്റെ എറ്റവും മികച്ച സ്പൈഡർമാൻ പ്രകടനങ്ങളിലൊന്നാണ് ഇതെന്നാണ് നിരവധി നിരൂപകരുടെ വിലയിരുത്തൽ. മാർവൽ സ്റ്റുഡിയോസിന്റെ സമീപകാല ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ വന്ന സാഹചര്യത്തിൽ, ‘ബ്രാൻഡ് ന്യൂ ഡേ’യുടെ വൻ വിജയം സ്റ്റുഡിയോയ്ക്ക് വലിയ ആത്മവിശ്വാസം പകരുന്നതായാണ് വിലയിരുത്തൽ.

ഡിസംബറിൽ റിലീസിന് ഒരുങ്ങുന്ന അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ’ യ്ക്ക് മുന്നോടിയായി മാർവലിന് ലഭിച്ച ശക്തമായ മുന്നേറ്റമായും ഈ വിജയം കണക്കാക്കപ്പെടുന്നു.
ചലച്ചിത്രശാലകളിലേക്കുള്ള പ്രേക്ഷക ഒഴുക്ക് കോവിഡ് മഹാമാരിക്ക് ശേഷം കുറഞ്ഞിരുന്നെങ്കിലും, ഈ വർഷം വീണ്ടും വലിയ തിരിച്ചുവരവാണ് ബോക്‌സ് ഓഫീസിൽ രേഖപ്പെടുത്തുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവായി ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ മാറിയിരിക്കുകയാണ്.

Tags: , , ,