Sun Sep 20, 2026 2:26 am
FLASH
X

പ്രതികാര രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രക്ഷോഭം; ആഗസ്റ്റ് 4-ന് സെക്രട്ടറിയേറ്റിന് മുന്നിൽ സി.ഐ.ടി.യു ധർണ്ണ

HOME August 1, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളികൾക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടികളിലും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ആഗസ്റ്റ് 4-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ബഹുജന ധർണ്ണ സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു. രാവിലെ 10 മണിക്ക് നടക്കുന്ന ധർണ്ണ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഭരണമാറ്റത്തിന് പിന്നാലെ വിവിധ സർക്കാർ വകുപ്പുകളിലും പദ്ധതികളിലും ബോർഡുകളിലും കോർപ്പറേഷനുകളിലും വ്യാപകമായ കൂട്ടസ്ഥലംമാറ്റങ്ങൾ നടക്കുന്നതായി സി.ഐ.ടി.യു ആരോപിച്ചു. വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന കരാർ, താൽക്കാലിക ജീവനക്കാരുടെ കരാർ പുതുക്കാതെ പിരിച്ചുവിടാനും അർഹമായ ശമ്പളം നിഷേധിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.

ഇതിനെതിരെ നേരത്തേ പിരിച്ചുവിട്ട തൊഴിലാളികളെ അണിനിരത്തി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നുവെന്നും, തൊഴിലാളിവിരുദ്ധ നിലപാടിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സി.ഐ.ടി.യു നേതൃത്വം വ്യക്തമാക്കി.

രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ തൊഴിലാളികളെ ലക്ഷ്യമിട്ട് നടപടികൾ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ജനാധിപത്യ മൂല്യങ്ങൾ ലംഘിക്കുന്ന തൊഴിലാളിവിരുദ്ധ നടപടികൾ സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.