Sun Sep 20, 2026 4:09 am
FLASH
X

ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മാതൃകാപരമായി നടത്തി

HOME / Kerala June 30, 2026

വെള്ളറട: വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ മൂല്യങ്ങളും നേതൃത്വഗുണങ്ങളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ മാനേജര്‍  ടി. സതീഷ് കുമാറിന്റെയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പുഷ്പവല്ലിയുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മാതൃകാപരമായി സംഘടിപ്പിച്ചു.

ഹെഡ് ബോയ്, ഹെഡ് ഗേള്‍, സ്‌കൂള്‍ ക്യാപ്റ്റന്‍, വിവിധ ഹൗസ് ക്യാപ്റ്റന്‍മാര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍, സൂക്ഷ്മപരിശോധന, അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കല്‍ എന്നിവയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥികളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ‘മീറ്റ് ദ കേന്‍ഡേറ്റ്’ പരിപാടി സംഘടിപ്പിച്ചു. പരിപാടിയില്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ആശയങ്ങളും പ്രവര്‍ത്തന പദ്ധതികളും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ക്രമബദ്ധമായി നടന്നു.

തിരഞ്ഞെടുപ്പ് ദിനത്തില്‍ സ്‌കൂള്‍ പരിസരത്ത് പ്രത്യേക പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചു. പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥി പോളിംഗ് ഓഫീസര്‍മാരുടെയും അധ്യാപകരുടെയും മേല്‍നോട്ടത്തില്‍ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പാലിച്ചായിരുന്നു വോട്ടെടുപ്പ്. സ്‌കൂള്‍ ഐ.ഡി. കാര്‍ഡ് പരിശോധിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. രഹസ്യ ബാലറ്റ് സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ സ്വതന്ത്രമായും ഉത്തരവാദിത്തബോധത്തോടെയും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.

വോട്ടെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബാലറ്റ് പെട്ടികള്‍ സീല്‍ ചെയ്ത് റിട്ടേണിംഗ് ഓഫീസര്‍ക്ക് കൈമാറി. തുടര്‍ന്ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുതാര്യമായ രീതിയില്‍ നടത്തി. ജനാധിപത്യത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്തമുള്ള പൗരന്മാരാകേണ്ടതിന്റെ ആവശ്യകതയും വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ ഈ തിരഞ്ഞെടുപ്പ് സഹായകമായി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആത്മാര്‍ത്ഥമായ സഹകരണത്തോടെ തിരഞ്ഞെടുപ്പ് വിജയകരമായും മാതൃകാപരമായും പൂര്‍ത്തിയാക്കി.ചിത്രം.വോട്ടെടുപ്പ് കഴിഞ്ഞ്  സ്‌കൂള്‍ ഐ.ഡി. കാര്‍ഡ്ും വിരലിലെ മക്ഷിയും കാണിക്കുന്ന കുട്ടികള്‍.