Sun Jun 28, 2026 12:22 am
FLASH
X
booked.net

ലഹരിമാഫിയയുടെ വേരറുക്കാൻ കേരളം; ‘മയങ്ങില്ല കേരളം’ പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും

Kerala / News June 27, 2026

ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പും വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ റാലി കവടിയാറിൽ ഫ്ളാ​ഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഉപയോഗം തകർക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ലെന്നും അതിലൂടെ ഒരു കുടുംബവും സമൂഹവും നാടും മൊത്തത്തിൽ പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കുട്ടികൾ മാതാപിതാക്കളുടെ മാത്രമല്ല, നാടിന്റെ തന്നെ പ്രതീക്ഷയാണ്. ലഹരിമാഫിയയെ നാടുകടത്താൻ സർക്കാർ ഏറ്റവും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര ലഹരി ശൃംഖലകൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയയെ കൂടുതൽ കാര്യക്ഷമമായി ചെറുക്കുന്നതിനായി സംസ്ഥാനത്ത് പ്രത്യേക ‘സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ’ രൂപീകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു പ്രഖ്യാപിച്ചു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്നതിനായി ‘മയങ്ങില്ല കേരളം’ പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച്, ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിനാണ് ഈ പോർട്ടൽ ലക്ഷ്യമിടുന്നത്.

ശ്രദ്ധേയമായി ലഹരിവിരുദ്ധ റാലി

കവടിയാറിൽ നിന്ന് ആരംഭിച്ച് കനകക്കുന്ന് കൊട്ടാരം വരെ നടന്ന ബോധവൽക്കരണ റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, റോളർ സ്‌കേറ്റിങ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. ലഹരി വിരുദ്ധ സന്ദേശമുയർത്തി നടന്ന ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു, കൗൺസിലർ ശബരീനാഥൻ കെ.എസ്, വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി എന്നിവർ പങ്കെടുത്തു.