Sun Jun 28, 2026 12:22 am
FLASH
X
booked.net

കണ്ണീരോടെ ഉറുഗ്വേ; ലോകകപ്പിൽ നിന്ന് മുൻ ചാമ്പ്യന്മാർ പുറത്ത്!

Foodball / Sports June 27, 2026

തുടർച്ചയായ രണ്ടാം തവണയും ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി മുൻ ചാമ്പ്യന്മാരായ ഉറുഗ്വേ. ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ സ്പെയിനിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെയാണ് ഉറുഗ്വേയുടെ മടക്കം. അതേസമയം, ചരിത്രത്തിലാദ്യമായി ലോകകപ്പിനെത്തിയ കേപ് വെർദെ, സൗദി അറേബ്യയുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞതോടെ അവസാന 32-ൽ ഇടംപിടിച്ചു.

മത്സരത്തിന്റെ 47-ാം മിനിറ്റിൽ അലക്സ് ബയേനയാണ് സ്പെയിനിനായി വിജയഗോൾ നേടിയത്. ഉറുഗ്വേ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേരയുടെ വലിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ബയേനയുടെ ദുർബലമായ ഷോട്ട് തടയുന്നതിൽ മുസ്ലേര വരുത്തിയ വീഴ്ച പന്ത് വലയിലെത്തിച്ചു. തുടർന്ന് ഉറുഗ്വേ ഗോൾകീപ്പറെ മാറ്റിയെങ്കിലും, സ്പെയിൻ ഗോൾകീപ്പർ ഉനായ് സൈമണിന്റെ മികച്ച സേവുകൾ ഉറുഗ്വേയുടെ സമനില മോഹങ്ങൾ തകർത്തു. അവസാന നിമിഷം അഗസ്റ്റിൻ കനോബിയോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഉറുഗ്വേയുടെ ദുരവസ്ഥ വർധിപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം പോലും നേടാനാവാതെയാണ് ഉറുഗ്വേ ടൂർണമെന്റിൽ നിന്ന് പുറത്തായത്.

ലോകകപ്പിലെ കന്നിക്കാരായ കേപ് വെർദെ അട്ടിമറി വിജയത്തോടെയാണ് നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞാണ് അവർ രണ്ടാം സ്ഥാനക്കാരായത്. സൗദി അറേബ്യക്കെതിരായ മത്സരത്തിൽ ഉജ്ജ്വല പ്രതിരോധമാണ് അവർ പുറത്തെടുത്തത്. മത്സരത്തിൽ ലാരോസ് ഡുവാർട്ടെക്ക് ലഭിച്ച സുവർണ്ണാവസരം സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് തടഞ്ഞില്ലായിരുന്നെങ്കിൽ കേപ് വെർദെ ജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കുമായിരുന്നു.

ഗ്രൂപ്പിൽ ഏഴ് പോയിന്റുമായി സ്പെയിൻ ഒന്നാമതെത്തി. മൂന്ന് പോയിന്റുമായി കേപ് വെർദെ രണ്ടാമതെത്തിയപ്പോൾ, രണ്ട് പോയിന്റുകൾ വീതം നേടി ഉറുഗ്വെയും സൗദി അറേബ്യയും പുറത്തായി. പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെയാണ് കേപ് വെർദെ നേരിടുന്നത്.