Tue Jun 23, 2026 1:07 am
FLASH
X
booked.net

ലേഡീസ് കോച്ചിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ഇനി 2500 രൂപ പിഴ; നിയമങ്ങൾ കടുപ്പിച്ച് റെയിൽവേ

National / News June 22, 2026

ഡൽഹി: ട്രെയിനുകളിലെ വനിതാ സംവരണ കോച്ചുകളിലോ കമ്പാർട്ടുമെന്റുകളിലോ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്കുള്ള പിഴത്തുക ഇന്ത്യൻ റെയിൽവേ വർധിപ്പിച്ചു. യാത്രയ്ക്കിടയിൽ വനിതാ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്ന ലക്ഷ്യമിട്ടാണ് നിർണായക നീക്കം.

പുതിയ നിയമപ്രകാരം ലേഡീസ് കോച്ചിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ഇനി മുതൽ 2500 രൂപ പിഴ ചുമത്തും.രാജ്യത്തുടനീളമുള്ള ലോക്കൽ, പാസഞ്ചർ ട്രെയിനുകളിൽ വനിതാ യാത്രക്കാർക്കായി പ്രത്യേക അൺറിസർവ്ഡ് കോച്ചുകളും കമ്പാർട്ടുമെന്റുകളും റെയിൽവേ അനുവദിക്കാറുണ്ട്. ഇതിനുപുറമെ മുംബൈ, കൊൽക്കത്ത, സെക്കന്തരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ സബർബൻ റൂട്ടുകളിൽ വനിതകൾക്കായി മാത്രം പ്രത്യേക ട്രെയിൻ സർവീസുകളും റെയിൽവേ ആക്‌ട് സെക്ഷൻ 162 അനുസരിച്ച്, വനിതകൾക്കായി നീക്കിവെച്ചിട്ടുള്ള കമ്പാർട്ടുമെന്റുകളിലോ കോച്ചുകളിലോ പുരുഷന്മാർ പ്രവേശിക്കുന്നതും വനിതാ യാത്രക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഇരിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

ഇത്തരം നിയമലംഘനങ്ങൾക്ക് പിഴയും തടവുശിക്ഷയും ലഭിക്കാം.”നിയമനടപടികൾ ഒഴിവാക്കുന്നതിനായി പുരുഷ യാത്രക്കാർ യാതൊരു കാരണവശാലും ലേഡീസ് കമ്പാർട്ടുമെന്റുകളിലോ ലേഡീസ് സ്പെഷ്യൽ ട്രെയിനുകളിലോ യാത്ര ചെയ്യരുത്. പുരുഷന്മാർക്ക് യാത്ര ചെയ്യാൻ ആവശ്യത്തിന് സ്ഥലസൗകര്യമുള്ള മറ്റ് ബദൽ കമ്പാർട്ടുമെന്റുകളോ ട്രെയിനുകളോ ലഭ്യമാണ്,” എന്ന് റെയിൽവേ പ്രസ്താവനയിലൂടെ വ്യക്തമാക്കി.വനിതാ കോച്ചുകളിൽ പുരുഷന്മാർ പ്രവേശിക്കുന്നത് തടയാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പ്രത്യേക പരിശോധനകൾ നടത്തിവരുന്നുണ്ട്. ജൂൺ 20 മുതൽ പ്രാബല്യത്തിൽ വന്ന ജൻ വിശ്വാസ് ആക്ട്, 2026 പ്രകാരമാണ് റെയിൽവേ ആക്ടിലെ സെക്ഷൻ 162 ന് കീഴിലുള്ള കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക 500 രൂപയിൽ നിന്ന് 2500 രൂപയായി ഉയർത്തിയത്.