ന്യൂയോർക്ക് : ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ റൗണ്ടിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ പൊരുതി സമനില പിടിച്ച് അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീൽ. ഒന്നിനെതിരെ ഒരു ഗോളിനാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. കളിയിൽ ഒരു ഘട്ടത്തിൽ തോൽവി ഭയന്ന കാനറികളെ സ്റ്റാർ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയറിന്റെ ഉജ്ജ്വല ഗോളാണ് രക്ഷപെടുത്തിയത്. 48 ടീമുകൾ അണിനിരക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിലെ ആദ്യ കടുത്ത പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്.
ഏഴാം റാങ്കുകാരായ മൊറോക്കോ, ശക്തരായ ബ്രസീലിനെതിരെ അട്ടിമറി വിജയം നേടുമെന്ന ഭീതി ഉയർത്തിയെങ്കിലും മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ 80,000-ത്തിലധികം കാണികളെ സാക്ഷിയാക്കി ബ്രസീൽ സമനില പിടിച്ചെടുക്കുകയായിരുന്നു. പരിക്കേറ്റ നെയ്മറുടെ അഭാവത്തിലാണ് ബ്രസീൽ മത്സരത്തിനിറങ്ങിയത്.
കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോ കളിയിലുടനീളം കാണിച്ച കടുത്ത ആത്മവിശ്വാസത്തോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കം മുതൽ കളി നിയന്ത്രിച്ച മൊറോക്കോയ്ക്ക് 21-ാം മിനിറ്റിൽ തന്നെ മുന്നിലെത്താൻ കഴിഞ്ഞു. ബ്രസീലിയൻ താരം ലൂക്കാസ് പാക്വെറ്റ വരുത്തിയ ഗുരുതരമായ പിഴവാണ് ഗോളിലേക്ക് നയിച്ചത്.




