Sat Jun 13, 2026 1:07 am
FLASH
X
booked.net

മൂന്ന് വ്യത്യസ്ത ലുക്കുകളിൽ ഞെട്ടിച്ച് വിശാൽ! ആരാധകരെ ആവേശം കൊള്ളിച്ച് ‘മകുടം’ ടീസർ പുറത്ത്

Entertainment / News June 12, 2026

തെന്നിന്ത്യൻ ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘മകുടം’ സിനിമയുടെ ആവേശമുണർത്തുന്ന പുതിയ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ വൃദ്ധന്റെ വേഷം ഉൾപ്പെടെ മൂന്ന് വേറിട്ട ഗെറ്റപ്പുകളിലാണ് വിശാൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ വിനായക ചതുർത്ഥി പ്രമാണിച്ച് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും തുറമുഖ പശ്ചാത്തലത്തിലുള്ള ടൈറ്റിൽ ടീസറും സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുമായി വലിയ തരംഗം സൃഷ്ടിച്ചിരുന്നു. താരം പൂർണ്ണ ആരോഗ്യത്തോടെ ക്യാമറയ്ക്ക് മുന്നിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്ന മാസ്സ് ടീസർ.

വിശാലിന്റെ കരിയറിലെ 35-ാമത് ചിത്രമായ ‘മകുടം’ ഒരു പവർ പാക്ക്ഡ് ആക്ഷൻ എന്റർടൈനർ ആയിരിക്കുമെന്നാണ് അണിയറ അപ്ഡേറ്റുകൾ നൽകുന്ന സൂചന. തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ‘സൂപ്പർ ഗുഡ് ഫിലിംസ്’ ഒരുക്കുന്ന 99-മത്തെ ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. നടൻ വിശാൽ തന്നെയാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായത്.

2023-ൽ തീയേറ്ററുകളിൽ വൻ വിജയമായി മാറിയ ‘മാർക്ക് ആന്റണി’ക്ക് ശേഷം ജി.വി. പ്രകാശ് വീണ്ടും വിശാൽ ചിത്രത്തിനായി സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും മകുടത്തിനുണ്ട്. പ്രശസ്ത നടി ദുഷാര വിജയനാണ് ചിത്രത്തിൽ വിശാലിന്റെ നായികയായി എത്തുന്നത്. വിശാലിന്റെ മുൻകാല ഹിറ്റ് ചിത്രങ്ങളായ സമർ, നാൻ സിഗപ്പു മനിതൻ, കത്തി സണ്ടൈ എന്നിവയുടെ ക്യാമറ ചലിപ്പിച്ച റിച്ചാർഡ് എം. നാഥൻ തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.