വെള്ളറട: കോട്ടൂര്‍ കാപ്പുകാട് ആന പാര്‍ക്കില്‍ ആനയെ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ തുമ്പി കൈകൊണ്ട് വെള്ളത്തില്‍ അടിച്ചു താഴ്ത്തി. നെയ്യാര്‍ ഡാം റിസര്‍വോയറില്‍ കുളിപ്പിക്കുമ്പോള്‍ ആന തുമ്പിക്കൈ കൊണ്ട് ആനപ്പാപ്പാനെ വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ബാലരാമപുരം ഉച്ചക്കട സ്വദേശി വിഷ്ണു (28) എന്ന ആനപ്പാപ്പാനാണ് അപകടമുണ്ടായത്. കാലിലെ അസുഖം മൂലം വിശ്രമത്തിലായിരുന്ന മനു എന്ന ആനയുടെ പാപ്പാനാണ് വിഷ്ണു.ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ആനയെ കുളിപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആന വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വെള്ളത്തിനടിയിലേക്ക് താഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് പാപ്പാന്മാര്‍ ബഹളം വച്ചെങ്കിലും ആന അവിടെ നിന്ന് പിന്മാറിയില്ല. തുടര്‍ന്ന് കൂടുതല്‍ പാപ്പാന്മാര്‍ സ്ഥലത്തെത്തി ആനയെ മാറ്റിയ ശേഷമാണ് വിഷ്ണുവിനെ വെള്ളത്തിനടിയില്‍ നിന്ന് പുറത്തെടുത്തത്. ഉടന്‍ തന്നെ വിഷ്ണുവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



