കരുനാഗപ്പള്ളി : അമൃതയിൽ നടന്ന ലോക പ്രശസ്ത പ്രോഗ്രാമിങ് മത്സരമായ ഇന്റർനാഷണൽ കോളേജിയേറ്റ് പ്രോഗ്രാമിങ് കോണ്ടസ്റ്റ് (ഐ സി പി സി) മത്സരത്തിൽ ഐ ഐ ടി ഗോരഖ്പൂർ ഒന്നാം സ്ഥാനം നേടി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ഐ സി പി സി ഗ്ലോബൽ ഫൗണ്ടേഷൻ ഡെവലപ്പ്മെന്റ് ഡയറക്ടർ വെറോണിക്ക സോബോലേവാ, ജെറ്റ് ബ്രെയിൻ ഡെവലപ്പ്മെന്റ് അഡ്വക്കേറ്റ് ജൈദിത്യ കേമാനി, ഡോ. രാജൻ, ഡോ. പ്രേമ നെടുങ്ങാടി എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രോഗ്രാമിങ്ങ് മത്സരത്തിൽ ഐ ഐ ടി റൂർക്കി, ഐ ഐ ടി ഡൽഹി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി അജിത് കുമാർ, ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, ഡോ. പ്രേമ നെടുങ്ങാടി എന്നിവർ ചേർന്ന് വിജയികൾക്കുള്ള ക്യാഷ് അവാർഡും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഐ സി പി സിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മൂന്നുപേരടങ്ങുന്ന ടീമുകളായാണ് പങ്കെടുത്തത്. പ്രോഗ്രാമിങിൽ താല്പര്യമുള്ള ഏതുവിദ്യാർത്ഥികൾക്കും പങ്കെടുക്കാം എന്നതാണ് ഐ സി പി സിയുടെ പ്രത്യേകത. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ അൽഗോരിതം പ്രോബ്ലങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കുന്ന ടീമുകളാണ് വിജയിക്കുന്നത്. സമ്മാനങ്ങളോടൊപ്പം വിവിധ ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള തൊഴിലവസരങ്ങളാണ് ഐ സി പി സി മത്സരാർത്ഥികളെ കാത്തിരിക്കുന്നത്. 1970 ൽ ഐ സി പി സി ഫൗണ്ടേഷൻ ആരംഭിച്ച ഇന്റർനാഷണൽ കോളേജിയേറ്റ് പ്രോഗ്രാമിങ് കോണ്ടെസ്റ്റാണ് നിലവിൽ ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ പ്രോഗ്രാമിങ് മത്സരം.



