Thu Aug 07, 2025 1:14 pm
FLASH
X
booked.net

പകുത്ത് നല്‍കിയത് ജീവനും ജീവിതവും; 200ലേറെ കരള്‍ മാറ്റ ശസ്ത്രക്രിയകളെന്ന നാഴികക്കല്ലുമായി കിംസ്ഹെല്‍ത്ത്.

Kerala / News August 6, 2025

തിരുവനന്തപുരം : കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമം നടത്തി കിംസ്ഹെല്‍ത്ത് തിരുവനന്തപുരം. മുതിര്‍ന്നവരിലും കുട്ടികളിലുമായി 200ലേറെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി മുഖ്യാതിഥിയായി. ഇതേ ചടങ്ങില്‍വെച്ചു തന്നെ പീഡിയാട്രിക് ഗ്യാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി ആന്‍ഡ് ഐഇഎം ക്ലിനിക്കും കിംസ്ഹെല്‍ത്തില്‍ ഉദ്ഘാടനം ചെയ്തു. കിംസ്ഹെല്‍ത്തിലെ ഹെപ്പറ്റോബൈലറി ആന്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം ലോകോത്തര നിലവാരം പുലര്‍ത്തുന്നുവെന്നും ഈ വളര്‍ച്ചയില്‍ ഏറെ അഭിമാനമുണ്ടെന്നും കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വിജയകരമായ ശസ്ത്രക്രിയാഫലങ്ങള്‍ അതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം, ഒരു വ്യക്തിയ്ക്ക് രണ്ടാമതൊരു ജീവിതം നല്‍കുന്ന മഹത്തായ പ്രവൃത്തിയാണ് അവയവദാനമെന്നും അതെപ്പോഴും അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിംസ്ഹെല്‍ത്തിലെ ഡോക്ടര്‍മാരുടെ സമാനതകളില്ലാത്ത പ്രയത്നത്തെ ഉദ്ഘാടന വേളയില്‍ ലക്ഷ്മി ഗോപാല സ്വാമി പ്രശംസിച്ചു. ഗുരുതരവും നിര്‍ണ്ണായകവുമായ ഒരു സാഹചര്യത്തെ അതിജീവനത്തിന്റെ കഥയാക്കി മാറ്റിയ അവരുടെ പ്രതിബദ്ധതയെ അഭിനന്ദിച്ചതിനോടൊപ്പം അവരാണ് യഥാര്‍ത്ഥ ഹീറോസ് എന്നും ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു.

കരള്‍ മാറ്റിവയ്ക്കലിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നവരെ കാണുന്നത് ഏറെ സന്തോഷകരമാണ്. യാത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും, അവസാനമെപ്പോഴും വെളിച്ചമുണ്ടെന്ന് നാം ഓര്‍ക്കണം. സഹനത്തിലൂടെ പലതും സാധ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷബീറലി ടി.യു ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പരിപാടിയില്‍ വിശദീകരിച്ചു. കേരളത്തില്‍ ഏറ്റവുമധികം മസ്തിഷ്‌ക മരണാനന്തര അവയവദാനം വഴിയുള്ള ട്രാന്‍സ്പ്ലാന്റുകൾ നടന്നത് കിംസ്‌ഹെല്‍ത്തിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍വൈവല്‍ റേറ്റ് 96 ശതമാനമാണ്. കേരളത്തിൽ ആദ്യമായി കരളും വൃക്കയും ഒന്നിച്ച് മാറ്റിവെക്കാനും സ്പ്ലിറ്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് നടത്താനും, 2.9 കിലോഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുട്ടിയില്‍ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനും കിംസ്ഹെല്‍ത്തിന് സാധിച്ചിട്ടുണ്ട്. കിംസ്‌ഹെല്‍ത്തില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയരായ രോഗികളും ബന്ധുക്കളുമടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. കിംസ്ഹെല്‍ത്ത് സഹസ്ഥാപകന്‍ ഇ.എം നജീബ് ആശംസകള്‍ അറിയിച്ചു സംസാരിച്ചു. പീഡിയാട്രിക് ഗ്യാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി ആന്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. അനു കെ വാസു പരിപാടിയില്‍ സ്വാഗതവും ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് ക്ലിനിക്കല്‍ ചെയര്‍ ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷിറാസ് അഹമ്മദ് റാത്തര്‍ നന്ദിയും രേഖപ്പെടുത്തി. ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ ചടങ്ങിൽ പങ്കെടുത്തു.