Sun Jul 06, 2025 7:47 pm
FLASH
X
booked.net

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ, അങ്ങോട്ടുമിങ്ങോട്ടും ആക്രമണം തുടർന്ന് ഇറാനും ഇസ്രയേലും; യുദ്ധക്കപ്പലുകൾ അടക്കം സജ്ജമാക്കി അമേരിക്ക

News / World June 14, 2025

ടെൽ അവീവ്: ഇറാനും ഇസ്രയേലും തമ്മിലുള്ള ആക്രമണം ശക്തമായതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. ഇന്ന് പുലർച്ചെ ഇസ്രയേൽ തുടങ്ങിവച്ച ആക്രമണങ്ങളുടെ തുടർച്ചയായി ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മിൽ പോര് രൂക്ഷമായി തുടരുകയാണ്. ടെഹറാനിൽ കുറച്ച് മുന്നേ പോലും സ്ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രയേൽ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയതിന് പിന്നാലെയാണ് ഇറാനിൽ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. ഇറാനും തിരിച്ചടി തുടരുകയാണെന്നാണ് വ്യക്തമാകുന്നത്. യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം രൂക്ഷമായിട്ടുണ്ട്. ഇറാൻ ആക്രമണം കടുപ്പിച്ചതോടെ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരിക്കുകയാണ്.പശ്ചിമേഷ്യ യുദ്ധ ഭീതിയിലായതോടെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് അമേരിക്കയും വ്യക്തമാക്കി. ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകൾ അടക്കം അമേരിക്ക സജ്ജമാക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇറാനെ ആക്രമിക്കാൻ അല്ല യുദ്ധക്കപ്പലുകൾ അടക്കം സജ്ജമാക്കുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം.

അതിനിടെ ഇറാനെതിരെ പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാൻ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ആണവ പദ്ധതിയിൽ നിന്ന് ഇറാൻ പിൻവാങ്ങണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഇനിയും അതിന് തയ്യാറായില്ലെങ്കിൽ ഇറാൻ അതിരൂക്ഷമായ ആക്രമണം ഏറ്റുവാങ്ങേണ്ടിവരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇസ്രയേലിൽ നിന്ന് ഇന്ന് പുലർച്ചെ ലഭിച്ചതിലും കൂടുതൽ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ട്രംപ് വിശദീകരിച്ചത്