തിരുവനന്തപുരം: നഗരത്തിലെ ജാസ് സംഗീതാസ്വാദകര്‍ക്ക് മാസ്മരികത സമ്മാനിച്ച് ജര്‍മ്മന്‍ ജാസ് ബാന്‍ഡായ വോള്‍ക്മാന്‍ ജാരറ്റ് ആന്‍ഡ്രെജ്യൂസ്കി ട്രിയോയുടെ പ്രകടനം.
ലൂയിസ് വോള്‍ക്മാന്‍, പോള്‍ ജാരറ്റ്, മാക്സ് ആന്‍ഡ്രെജ്യൂസ്കി എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച ബാന്‍ഡിന്‍റെ ദക്ഷിണേഷ്യന്‍ സംഗീത പര്യടനത്തിന്‍റെ ഭാഗമായാണ് തലസ്ഥാനത്തെ ഗൊയ്ഥെ-സെന്‍ട്രമില്‍ സംഗീത വിസ്മയം തീര്‍ത്തത്. കൊളംബോ, ന്യൂഡല്‍ഹി, പൂനെ, ധാക്ക എന്നീ നഗരങ്ങള്‍ പിന്നിട്ടാണ് മൂവര്‍ സംഘം ഇവിടെയെത്തിയത്.
ജര്‍മ്മനിയിലെ കൊളോണ്‍ സ്വദേശിയായ സാക്സഫോണിസ്റ്റായ ലൂയിസ് വോള്‍ക്മാന്‍ സമകാലിക പരിവര്‍ത്തന സാധ്യതകളുള്ള സോളോകളിലൂടെ ശ്രദ്ധേയയാണ്. യൂറോപ്പിലുടനീളം സംഗീത പര്യടനം നടത്തിയ അവരുടെ ഡെയ് സെയ്റ്റ്, ആര്‍എന്‍ഡി എന്നിവ 2018-ലെയും 2021-ലെയും മികച്ച ആല്‍ബങ്ങളായി രണ്ട് പ്രമുഖ ജര്‍മ്മന്‍ പ്രസിദ്ധീകരണങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
ബെര്‍ലിനിലെ മ്യൂസിക് കമ്പോസറും ഡ്രമ്മറുമാണ് മാക്സ് ആന്‍ഡ്രെജ്യൂസ്കി ചടുലമായ ജാസ് ഡ്രം റോളുകള്‍ കൊണ്ട് സമകാലിക ശാസ്ത്രീയ സംഗീതത്തിലും മ്യൂസിക് ഇംപ്രവൈസേഷനിലും ആസ്വാദകരെ പിടിച്ചിരുത്തുന്ന ആന്‍ഡ്രെജ്യൂസ്കി എംഎച്ച്എസ് കൊളോണ്‍, യുഡികെ ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഡ്രംസ് പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ അറിയപ്പെടുന്ന സംഗീത സംവിധായകന്‍ കൂടിയാണ്.
പാരീസില്‍ ജനിച്ചുവളര്‍ന്ന ഗിത്താറിസ്റ്റായ പോള്‍ ജാരറ്റിന്‍റെ സമകാലിക, ജാസി നോട്ടുകള്‍ കണ്‍സേര്‍ട്ടുകളെ പ്രകമ്പനം കൊള്ളിക്കുന്നവയാണ്. പോപ്പ്, റോക്ക്, നാടോടി, സമകാലിക സംഗീതം എന്നിവയില്‍ സ്വതന്ത്ര ശൈലിയിലുള്ള ഗിറ്റാര്‍ നോട്ടുകള്‍ വായിക്കുന്ന അദ്ദേഹം സംഗീത സംവിധായകന്‍ കൂടിയാണ്. ജാസ്, മ്യൂസിക് ഇംപ്രവൈസേഷന്‍ എന്നിവയിലും അദ്ദേഹം ശ്രദ്ധവയ്ക്കുന്നു. ലളിതമായ നാടോടി ഗാനങ്ങളുടെയും ഇംപ്രവൈസ് ചെയ്ത സംഗീതത്തിന്‍റെയും അകമ്പടിയില്‍ മൂവരും ചേര്‍ന്ന് ആസ്വാദകരെ ചടുലവും ഒഴുക്കുള്ളതുമായ സംഗീത സപര്യയില്‍ അണിചേര്‍ക്കുന്നു.
താളക്രമത്തിലെ ഗതിമാറ്റങ്ങളില്‍ പലപ്പോഴും ശ്രുതി വര്‍ധിക്കുന്ന പരീക്ഷണാത്മക ജാസ് ശൈലിയാണ് ബാന്‍ഡിന്‍റെ പ്രകടനമെന്ന് കണ്‍സേര്‍ട്ടില്‍ പങ്കെടുത്ത തിരുവനന്തപുരത്തെ ഗിത്താര്‍ അദ്ധ്യാപകനായ യാസീന്‍ അക്ബര്‍ പറഞ്ഞു. സംഗീതം വളരെ ഹൃദ്യമായ ഒരു മാനസികാവസ്ഥയില്‍ നിന്ന് അതി തീവ്രമായ തലത്തിലേക്ക് എത്തിപ്പെടുകയും ജീവിതത്തിലെന്ന പോലെ തുടങ്ങിയ സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുകയും ചെയ്യുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യത്തെ 100 പേര്‍ക്ക് പരിപാടിയിലേക്ക് സൗജന്യ പ്രവേശനമായിരുന്നു.