Sun Dec 22, 2024 9:43 pm
FLASH
X
booked.net

ആദിവാസി ഉദ്യോഗാര്‍ഥികളെ ഒഴിവാക്കിയ സംഭവം;നിയമനം മരവിപ്പിച്ചു

Kerala / News November 9, 2024

വെള്ളറട : അമ്പൂരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ആദിവാസികള്‍ നടത്തിയ ഉപരോധസമരം ഫലംകണ്ടു. പട്ടികവര്‍ഗ വിഭാഗത്തെ ഒഴിവാക്കി ഗ്രാമപ്പഞ്ചായത്തില്‍ വിവിധ അങ്കണവാടികളില്‍ നടത്തിയ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം താത്കാലികമായി മരവിപ്പിച്ചുകൊണ്ട് വനിതശിശു വികസന ഡയറക്ടര്‍ ഉത്തരവിറക്കി.
ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് വിവിധ അങ്കണവാടികളിലായി 17 നിയമനങ്ങളാണ് നടത്തിയത്. ഇതില്‍ തൊടുമല വാര്‍ഡിലെ ആദിവാസിമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല് അങ്കണവാടികളിലെ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനങ്ങള്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടാണ് ആദിവാസികള്‍ രണ്ടു തവണ പഞ്ചായത്തോഫീസിനു മുന്നില്‍ സമരം നടത്തിയത്. നിയമനത്തില്‍ അര്‍ഹരായ ആദിവാസി ഉദ്യോഗാര്‍ഥികളെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയതെന്നായിരുന്നു സമരക്കാരുടെ ആരോപണം. ആദിവാസിമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ വരുന്ന ഒഴിവുകളിലേക്ക് പട്ടികവര്‍ഗക്കാരെ മാത്രമേ വര്‍ക്കറായി നിയമിക്കാന്‍ പാടുള്ളൂവെന്ന്, 2012 ല്‍ സമൂഹികക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെന്നും അതിന്റെ ലംഘനമാണ് അധികൃതര്‍ നടത്തിയതെന്നും ആരോപിച്ചായിരുന്നു സമരം.

നിലവില്‍ തൊടുമല വാര്‍ഡിലെ അങ്കണവാടികളില്‍ ആദിവാസികള്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ മാറി മാറി ജോലിചെയ്യുന്നുണ്ട്. പുതിയ നിയമനത്തിലൂടെ അവരുടെയെല്ലാം ജോലി നഷ്ടമാകും. പഞ്ചായത്തിലെ വിവിധ അങ്കണവാടികളിലായി 11 ഹെല്‍പ്പര്‍മാരുടെയും ആറ് വര്‍ക്കര്‍മാരുടെയും നിയമനമാണ് നടത്തിയത്. ആദിവാസികള്‍ ഉള്‍പ്പെട്ട തൊടുമല വാര്‍ഡില്‍ കുന്നത്തുമല, പുരവിമല അങ്കണവാടികളില്‍ വര്‍ക്കറുടെയും കാരിക്കുഴി, ചാക്കപ്പാറ അങ്കണവാടികളില്‍ ഹെല്‍പ്പറുടെയും ഉള്‍പ്പെടെ നാല് ഒഴിവുകളാണുണ്ടായിരുന്നത്. ഇതില്‍ ചാക്കപ്പാറ, പുരവിമല, കുന്നത്തുമല എന്നീ അങ്കണവാടികളിലെയും മറ്റ് വാര്‍ഡുകളിലെയും നിയമനങ്ങള്‍ നടത്തി. കാരിക്കുഴിയിലേതിന് പട്ടികയും തയ്യാറാക്കി. തൊടുമല വാര്‍ഡ് ഒഴികെയുള്ള പ്രദേശങ്ങളിലെ അങ്കണവാടികളില്‍ നിയമനം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, ആദിവാസികളുടെ പ്രതിഷേധം കാരണം തൊടുമല വാര്‍ഡില്‍ നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനായില്ല. നിയമനത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് ശനിയാഴ്ചയാണ് ആദ്യത്തെ സമരം നടന്നത്. പ്രതിഷേധവുമായെത്തിയ സമരക്കാര്‍ സി.ഡി.പി.ഒ.യെ തടഞ്ഞു വെച്ചു. മണിക്കൂറുകളോളം നീണ്ട സമരത്തിനിടെ കുഴഞ്ഞുവീണ സി.ഡി.പി.ഒ.യെ പിന്നീട് പോലീസെത്തി ആശുപത്രിയിലേക്കു മാറ്റി. വിവരമറിഞ്ഞ് കാട്ടാക്കട ഡിവൈ.എസ്.പി. എന്‍.ഷിബുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി സമരക്കാരുമായി ചര്‍ച്ചനടത്തുകയും ഡിവൈ.എസ്.പി. ഓഫീസില്‍െവച്ചു ചര്‍ച്ചനടത്തി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. സമരം താത്കാലികമായി നിര്‍ത്തിയെങ്കിലും പിന്നീടുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പഞ്ചായത്തോഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ടുള്ള സമരം തിങ്കളാഴ്ച നടന്നു. ഒടുവില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ.യുടെ ഇടപെടലില്‍ ശിശുക്ഷേമ വികസന വകുപ്പ് ഡയറക്ടര്‍ സമരക്കാരുമായി ഫോണിലൂടെ സംസാരിച്ച് പരിഹാരം കണ്ടെത്താമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശിശുവികസന ഓഫീസില്‍നിന്നു കത്തുനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 15 ന് ജില്ല വനിതശിശു വികസന ഓഫീസര്‍ അംഗീകരിച്ച അമ്പൂരി ഗ്രാമപ്പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനങ്ങള്‍ താത്കാലികമായി മരവിപ്പിച്ചതായി ഉത്തരവ്.