Sun Dec 22, 2024 10:19 pm
FLASH
X
booked.net

ആധുനിക രാജകീയ പ്രൗഡിയോടെ ഹോട്ടല്‍ അമൃത വീണ്ടും തുറക്കുന്നു,പുതുക്കിയ പൈതൃക ഹോട്ടല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

Kerala / News November 9, 2024

തിരുവനന്തപുരം: പോര്‍ച്ചുഗീസ് സൗന്ദര്യശാസ്ത്രം കേരളീയ സൗന്ദര്യമായി പരിണമിച്ച തലസ്ഥാനത്തെ 120 വര്‍ഷം പാരമ്പര്യമുള്ള പൈതൃകമന്ദിരം പുനരുജ്ജീവിക്കുന്നു. 1970 കളില്‍ സിനിമാ താരങ്ങളുടെ വീടെന്ന് പ്രസിദ്ധമായിരുന്ന തൈക്കാട് അമൃത ഹോട്ടല്‍ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറക്കുകയാണ്.
മനോഹരമായ പുല്‍ത്തകിടിയും നടപ്പാതകളുമുള്ള പഴയ ഹോട്ടല്‍ അമൃത അരനൂറ്റാണ്ട് മുന്‍പ് സിനിമാതാരങ്ങളുടെ തേന്‍കൂടായിരുന്നു. 1900 കാലത്തെ എസ്സെന്‍ഡന്‍ ബംഗ്ലാവ് ആണ് ഹോട്ടലിലെ പൈതൃകമന്ദിരം. ഇത് അമൃത ഹെറിറ്റേജ് എന്ന പേരില്‍ അഞ്ചു മുറികളുള്ള അതിഥിമന്ദിരമായി മാറുന്നു. ചരിത്രം ജീവിതത്തിന്‍റെ ഭാഗമാകുന്നതു പോലെ അമൃത ഹെറിറ്റേജ് പഴമയുടെയും പുതുമയുടെയും സംഗമകേന്ദ്രമാകുന്നു. ഗൃഹാതുരത്വത്തിന്‍റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനൊപ്പം സമകാലിക ആവശ്യങ്ങള്‍ പരിഗണിച്ച് ഹോട്ടല്‍ മാനേജ്മെന്‍റ് നിരവധി ആധുനിക ആതിഥേയസൗകര്യങ്ങള്‍ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്.


1950 കളിലെ ഒരു നിലയുള്ള കെട്ടിടം പാശ്ചാത്യ പൗരസ്ത്യ മാതൃകകളുടെ അപൂര്‍വത കൊണ്ട് ഹോട്ടല്‍ അമൃതയുടെ ഭാഗമാകുകയായിരുന്നു. പോര്‍ച്ചുഗീസ് പൗരത്വമുള്ള യൂനിസ് ഗോമസിന്‍റെയും ഭര്‍ത്താവ് ടി. ശിവരാമസേതു പിള്ളയുടെയും വസതിയെന്ന നിലയില്‍ എസ്സെന്‍ഡന്‍ ബംഗ്ലാവ് പുതിയ അധ്യായം തുറക്കുകയായിരുന്നു.
നവംബര്‍ 11-ന് രാവിലെ 10.30-ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അമൃത ഹെറിറ്റേജിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.
തൈക്കാടിന്‍റെ ഹരിതാഭമായ, ശാന്തമായ വാസയോഗ്യ പ്രദേശത്തെ അന്തരീക്ഷത്തില്‍ തിരുവിതാംകൂറിന്‍റെയും പോര്‍ച്ചുഗീസിന്‍റെയും പൈതൃകം പേറുന്നതാണ് ബംഗ്ലാവ്. വിസ്തൃതമായ സ്ഥലത്തിന് മധ്യത്തില്‍ നില്‍ക്കുന്ന ഹോട്ടല്‍ പുഷ്പങ്ങളാലും വൃക്ഷങ്ങളാലും അനുഗ്രഹിക്കപ്പെട്ട അന്തരീക്ഷത്തിലുള്ളതാണ്. അതിപ്പോള്‍ നഷ്ടപ്പെട്ട പ്രൗഡി വീണ്ടെടുക്കുകയാണ്.


സന്ദര്‍ശകര്‍ക്ക് കാലത്തിന്‍റെ ഗൃഹാതുര സ്മരണകളുടെ യാത്രയാണ് അമൃത മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്. പഴയകാലത്തെ രുചിയുമായി കോഹിനൂര്‍ റസ്റ്റാറന്‍റ് ഇതിനൊപ്പമുണ്ടാകും. 1970 കളില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ വസതിയായിരുന്ന അമൃതയുടെ ഉള്ളറകള്‍ അക്കാലത്തെ ചില ചലച്ചിത്രങ്ങളില്‍ ചിത്രീകരിച്ചിട്ടുണ്ട്.
പഴയ പ്രതാപത്തിനൊപ്പം ആധുനിക സൗകര്യങ്ങളും പാരമ്പര്യ ഫര്‍ണിച്ചറുകളുമായി അമൃതയിലെ അഞ്ചുമുറികള്‍ സുഖവാസത്തിനായി പുതുക്കിയിട്ടുണ്ട്. അകത്തളങ്ങളില്‍ കലയുടെ സചിത്രവര്‍ണങ്ങളും പ്രകടമാകും.
1900 കളിലാണ് കേരള സമൂഹം പുതിയ ജീവിതശൈലിയിലേക്ക് മാറുന്നത്. യൂറോപ്യന്‍ സ്വാധീനം അതിന് പ്രേരകമായിരുന്നു. അമൃത ഹെറിറ്റേജില്‍ സെന്‍ട്രല്‍ ഹാളിന് സമീപത്ത് മുറികളും പ്രത്യേക വരാന്തകളുള്ള കിടപ്പുമുറികളുമുണ്ട്. ഡൈനിങ് എര്യയയും വിശാലമാണ്. എല്ലാ സന്ദര്‍ശകര്‍ക്കും ഗുണപരമായ സേവനവും സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ കൃഷ്ണപ്രസാദ് അറിയിച്ചു.
പഴമയും പുതുമയും ചേര്‍ന്ന കുശിനിയില്‍ പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള സംഘമാണ് അടുക്കളയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച പ്രസിദ്ധനായ തായ് ഫുഡ് കണ്‍സള്‍റ്റന്‍റ് പിനാഗ്ജായുടെ പരിശീലനം നേടിയ ജീവനക്കാരാണ് ഓറിയന്‍റല്‍ ഫുഡ് തയ്യാറാക്കുന്നത്.
തലസ്ഥാനത്ത് ആദ്യമായി പുല്‍ത്തകിടിയിലിരുന്ന് ആഹാരം കഴിക്കാമെന്ന സൗകര്യവും അമൃത ഹെറിറ്റേജ് തിരിച്ചു കൊണ്ടുവരുന്നു. ബാങ്ക്വറ്റിന് പറ്റിയ ഒരു പ്രശാന്തമായ അന്തരീക്ഷവും അമൃത ഹോട്ടലിനുണ്ട്.