മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 30-ാമത് പതിപ്പ് 2027 മാർച്ച് 24 മുതൽ ഏപ്രിൽ 3 വരെ നടക്കും. മേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ സംഘാടക സമിതി യോഗം ചേർന്നു. ഒമാൻ വിവരമന്ത്രി ഡോ. അബ്ദുല്ല നാസർ അൽ ഹറാസിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
എഴുത്തുകാർ, സാഹിത്യകാരന്മാർ, പ്രസാധകർ, വായനക്കാർ എന്നിവരെ ഒരുമിപ്പിക്കുന്ന പ്രധാന സാംസ്കാരിക വേദിയായാണ് മേള സംഘടിപ്പിക്കുന്നത്. മേളയിൽ അതിഥി ബഹുമതി ലഭിക്കുന്ന ഗവർണറേറ്റായി അൽ വുസ്തയെ പരിഗണിക്കുന്നതും യോഗം ചർച്ച ചെയ്തു.
‘സർഗാത്മക വ്യവസായങ്ങൾ’ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. സർഗാത്മകതയും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാംസ്കാരിക-സാമ്പത്തിക മേഖലകളുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നതും ലക്ഷ്യമിടുന്നു. മേളയുടെ പരിപാടികൾക്കും സംഘാടനത്തിനുമുള്ള പ്രാഥമിക രൂപരേഖകളും യോഗത്തിൽ വിലയിരുത്തി.



