ദില്ലി: ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലത്തിനൊപ്പം പാറ്റയുടെ കോലവും കത്തിക്കാനുള്ള തീരുമാനത്തിൽ പരിഹാസവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. ‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’ എന്നായിരുന്നു ദീപ്കെയുടെ പ്രതികരണം. ദില്ലിയിലെ പിതാംപുരയിൽ സ്ഥാപിച്ച പാറ്റയുടെ കോലത്തിന്റെ ദൃശ്യം പങ്കുവെച്ചാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്.
ദസറ ആഘോഷങ്ങളുടെ ഭാഗമായി ദില്ലിയിലെ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കാൻ ഒരുക്കിയത്. പാറ്റയുടെ കോലം കത്തിക്കാനുള്ള തീരുമാനം ശ്രദ്ധ നേടിയതോടെയാണ് സിജെപി സ്ഥാപകൻ പ്രതികരണവുമായി രംഗത്തെത്തിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സിജെപി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പാറ്റയുടെ കോലം കത്തിക്കാൻ സംഘാടകർ തീരുമാനിച്ചത്. ബിജെപി എംഎൽഎ അശോക് ഗോയൽ ദേവരഹ പ്രസിഡന്റായ ശ്രീ കേശവ് രാംലീല കമ്മിറ്റിയുടേതാണ് ഈ നീക്കം.
വീടുകൾ, പരിസരങ്ങൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പാറ്റയുടെ കോലം കത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ ദേവരഹ വ്യക്തമാക്കി.



