Mon Sep 07, 2026 8:30 pm
FLASH
X

മകളുടെ പിജി പഠനത്തിന് പണമില്ല; കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപകനും കുടുംബവും സമരത്തിൽ

HOME / Kerala / Latest News September 1, 2026


തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് എംബിബിഎസ് പൂർത്തിയാക്കിയ മകളുടെ തുടർപഠനം പ്രതിസന്ധിയിലായ കുടുംബം ബാങ്കിന് മുന്നിൽ സമരവുമായി രംഗത്ത്. മാടായിക്കോണം കാക്കനാട് വീട്ടിൽ ഉണ്ണികൃഷ്ണനും കുടുംബവുമാണ് ജീവിതസമ്പാദ്യം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്.

റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച ഏകദേശം 30 ലക്ഷം രൂപയാണ് ഉണ്ണികൃഷ്ണൻ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. മകൾ ആദിത്യയുടെ മെഡിക്കൽ പിജി പഠനത്തിനുള്ള ചെലവുകൾ മുന്നിൽ കണ്ടാണ് നിക്ഷേപത്തിൽ നിന്ന് 10 ലക്ഷം രൂപ തിരികെ നൽകണമെന്ന് ബാങ്കിനോട് ആവശ്യപ്പെട്ടത്.
ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലും ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ച ആദിത്യ സ്കൂൾ വിദ്യാഭ്യാസ കാലത്ത് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. കർണാടകയിലെ ബെല്ലാരിയിലുള്ള വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് എംബിബിഎസ് പഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയ ആദിത്യ ഇപ്പോൾ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലാണ്.
കോഴിക്കോട്ട് ആറുമാസത്തെ എൻട്രൻസ് കോച്ചിങ്ങിനും ഹോസ്റ്റൽ ചെലവുകൾക്കുമായി വലിയ തുക ആവശ്യമായി വന്നതോടെയാണ് കഴിഞ്ഞ ജൂണിൽ നിക്ഷേപത്തിൽ നിന്ന് 10 ലക്ഷം രൂപ തിരികെ നൽകണമെന്ന് കുടുംബം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടത്. ആറുമാസത്തിനകം പണം നൽകാമെന്ന് ബാങ്ക് ഭരണസമിതി ഉറപ്പ് നൽകിയിരുന്നെങ്കിലും ആവശ്യപ്പെട്ട തുകയിൽ നിന്ന് ഒടുവിൽ ലഭിച്ചത് വെറും 10,000 രൂപ മാത്രമാണെന്ന് കുടുംബം പറയുന്നു.
മകളുടെ തുടർപഠനത്തിനുള്ള പണം കണ്ടെത്താനാകാതെ വന്നതോടെയാണ് മറ്റൊരു വഴിയില്ലാതെ ഉണ്ണികൃഷ്ണനും കുടുംബവും ബാങ്കിന് മുന്നിൽ സമരവുമായി ഇരിക്കുന്നത്. തങ്ങളുടെ നിക്ഷേപത്തുക പൂർണമായി തിരികെ ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കുടുംബം വ്യക്തമാക്കി.
കരുവന്നൂർ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിക്ഷേപത്തുക തിരികെ ലഭിക്കാതെ ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ഉണ്ണികൃഷ്ണന്റെയും കുടുംബത്തിന്റെയും പ്രതിഷേധം.