Mon Sep 07, 2026 8:31 pm
FLASH
X

ഞെട്ടിച്ച് സവാള വില; കിലോയ്ക്ക് 80 രൂപ വരെ

HOME / Kerala / Latest News September 1, 2026

കോട്ടയം: ഓണം കഴിഞ്ഞിട്ടും സവാള വില കുറയാതെ കുതിച്ചുയരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതോടെ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 60 മുതൽ 80 രൂപ വരെയായി വില ഉയർന്നു. മൊത്തവിപണിയിലും വില വർധിച്ചിട്ടുണ്ട്. നേരത്തെ 50 രൂപയ്ക്ക് ലഭിച്ചിരുന്ന സവാള ഇപ്പോൾ ഗ്രേഡ് അനുസരിച്ച് 54 രൂപ മുതലുള്ള മൊത്തവിലയിലാണ് വ്യാപാരികൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന സവാളയുടെ വില ഇപ്പോൾ ഇരട്ടിയിലധികമായി ഉയർന്നിരിക്കുകയാണ്.

മഹാരാഷ്ട്രയിലെയും കർണാടകയിലെയും പ്രധാന സവാള ഉൽപാദന കേന്ദ്രങ്ങളിലുണ്ടായ കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവും കൃഷിയെ സാരമായി ബാധിച്ചതാണ് വില ഉയരാൻ പ്രധാന കാരണം. ഇതോടെ സംസ്ഥാനത്തേക്കുള്ള സവാളയുടെ വരവ് കുറഞ്ഞു. ആവശ്യത്തിന് സവാള വിപണിയിൽ എത്താതായതോടെ ലഭ്യത കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കം കൂട്ടി.

ജില്ലയിലെ വിവിധ മാർക്കറ്റുകളിൽ വ്യത്യസ്ത ഗ്രേഡുകളിലുള്ള സവാള ലഭ്യമാണ്. വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് പൂനെയിൽ നിന്നെത്തുന്ന സവാളയ്ക്കാണ്. ഇതിന് കിലോഗ്രാമിന് 80 രൂപ വരെയാണ് വില. മറ്റ് സ്ഥലങ്ങളിൽനിന്ന് എത്തുന്ന സവാളയ്ക്ക് ഇതിലും കുറഞ്ഞ നിരക്കാണ്.

സവാള വിലയിലുണ്ടായ വർധന ഹോട്ടലുകളെയും ഭക്ഷണശാലകളെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാചകത്തിൽ ഒഴിവാക്കാനാകാത്ത പ്രധാന ചേരുവയായ സവാളയുടെ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും നേരിട്ട് ബാധിക്കുകയാണ്. വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

വരും ദിവസങ്ങളിൽ സവാള വില വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങൾ പരിഹരിച്ച് വിപണിയിൽ സവാളയുടെ ലഭ്യത ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.