ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സ്കൂൾ സന്ദർശിക്കാനെത്തിയ സി.ജെ.പി പ്രവർത്തകർക്ക് നേരെ ആക്രമണം. കൻവാർപുരയിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. സി.ജെ.പി നേതാവ് അശുതോഷ് റങ്ക ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു.
പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിന്റെ ജനൽച്ചില്ലുകൾ ഉൾപ്പെടെ ആക്രമണത്തിൽ തകർന്നു. സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.ജെ.പി ആരോപിച്ചു.
ആക്രമണത്തെ തുടർന്ന് വാഹനത്തിന്റെ തകർന്ന ജനൽച്ചില്ലുകളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച് സി.ജെ.പി നേതാവ് അഭിജീത് ദിപ്കെ പൊലീസിനെതിരെ ചോദ്യമുയർത്തി. രാജസ്ഥാനിൽ എന്താണ് നടക്കുന്നതെന്നും ബി.ജെ.പി പ്രവർത്തകർ സി.ജെ.പി പ്രവർത്തകരെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണം പൊലീസ് എങ്ങനെ അനുവദിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

