കൊച്ചി :സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി എടവനക്കാട് ഗ്രാമപഞ്ചായത്തിലെ ചാത്തങ്ങാട് ബീച്ചിൽ സുനാമി റെഡി മോക്ഡ്രിൽ വിജയകരമായി സംഘടിപ്പിച്ചു. അടിയന്തര സുനാമി മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ തീരദേശവാസികളെ വേഗത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും, വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിത ദുരന്ത പ്രതികരണ ശേഷിയും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനുമായാണ് പ്രാദേശിക തലത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചത്.
മുന്നറിയിപ്പ് സന്ദേശം ലഭിച്ച ഉടൻ തന്നെ പ്രദേശവാസികളെ വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും, വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന ഗർഭിണികൾ, കുട്ടികൾ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിവരെ ആംബുലൻസ് മാർഗ്ഗം സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചു. ഇവർക്കായി ആവശ്യമായ പ്രാഥമിക ചികിത്സയും വിദഗ്ദ്ധ ആരോഗ്യ സേവനങ്ങളും അടിയന്തരമായി ഉറപ്പാക്കി.
പ്രദേശത്തെ ഏകദേശം 50 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചുകൊണ്ട് ഒഴിപ്പിക്കൽ നടപടികൾ തികച്ചും കാര്യക്ഷമമായാണ് പൂർത്തിയാക്കിയത്. റവന്യൂ വകുപ്പ്, അഗ്നിരക്ഷാ സേന, പോലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവർക്കൊപ്പം യുവ ആപ്ദാ മിത്ര, സിവിൽ ഡിഫെൻസ് വോളന്റീർമാർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരും രക്ഷാപ്രവർത്തന മോക്ഡ്രില്ലിൽ സജീവ പങ്കാളിത്തം വഹിച്ചു.
മോക്ഡ്രില്ലിന് ശേഷം ചേർന്ന പ്രത്യേക അവലോകന യോഗത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ കാര്യക്ഷമത, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, സുരക്ഷിത ഒഴിപ്പിക്കൽ രീതികൾ, അടിയന്തര പ്രതികരണ സംവിധാനങ്ങൾ എന്നിവ സമഗ്രമായി വിലയിരുത്തി. എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത്, കൊച്ചി താലൂക്ക് തഹസിൽദാർ നിശാന്ത് മോഹൻ എന്നിവർ അവലോകന യോഗത്തിന് നേതൃത്വം നൽകി.

