Sat Aug 15, 2026 6:05 pm
FLASH
X

മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം: മന്ത്രി റോജി എം. ജോൺ; എറണാകുളത്ത് നിറപ്പകിട്ടാർന്ന സ്വാതന്ത്ര്യദിനാഘോഷം

Kerala / Latest News August 15, 2026

കൊച്ചി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. എറണാകുളം കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

പതിറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ധീര ദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയുമാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന് മന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സായുധ വിപ്ലവങ്ങൾ നടന്നപ്പോൾ, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിലധിഷ്ഠിതമായ സമരമുറയിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയതും ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1947 ഓഗസ്റ്റ് 15 കേവലം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയ ദിനം മാത്രമല്ലെന്നും ഇന്ത്യ എന്ന ആശയത്തെയും രാജ്യത്തിന്റെ ബഹുസ്വരതയെയും ഉയർത്തിപ്പിടിച്ച ദിനമാണെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം ഓരോ പൗരനും സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം കൂടി ഉറപ്പാക്കുമ്പോഴാണ് സ്വാതന്ത്ര്യം പൂർണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസാരിക്കാനും ചിന്തിക്കാനും അഭിപ്രായം രേഖപ്പെടുത്താനും വ്യത്യസ്ത നിലപാടുകൾ പുലർത്താനുമുള്ള സ്വാതന്ത്ര്യമാണ് ഓരോ ഇന്ത്യക്കാരനും വേണ്ടതെന്ന് റോജി എം. ജോൺ പറഞ്ഞു. ജാതി, മതം, വർഗം, ഭാഷ, വർണം തുടങ്ങിയവയുടെ പേരിലുള്ള വിവേചനങ്ങളിൽ നിന്ന് മുക്തമായ ഒരു സമൂഹമാണ് രാജ്യം കെട്ടിപ്പടുക്കേണ്ടത്.

രാജ്യത്തെ ഭിന്നിപ്പിക്കുന്ന നിലപാടുകൾക്കല്ല, എല്ലാവരെയും ചേർത്തുനിർത്തുന്ന ദേശീയതയ്ക്കാണ് ഇന്നത്തെ ഇന്ത്യയിൽ പ്രസക്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ജനാധിപത്യം അധികകാലം നിലനിൽക്കില്ലെന്ന് പ്രവചിച്ച വിദേശ ശക്തികളുടെ വിലയിരുത്തലുകളെ മറികടന്ന് രാജ്യം മുന്നേറിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ ഓരോ പൗരനും അഭിമാനിക്കാമെന്നും സ്വാതന്ത്ര്യത്തിന്റെ ഓർമയും സന്ദേശവും ഉൾക്കൊണ്ട് രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 8.40ന് പരേഡിൽ പങ്കെടുക്കുന്ന പ്ലറ്റൂണുകൾ ബേസ് ലൈനിൽ അണിനിരന്നു. തുടർന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. സുദർശനൻ, സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു.

രാവിലെ ഒമ്പതിന് മന്ത്രി റോജി എം. ജോൺ ദേശീയ പതാക ഉയർത്തി ജില്ലാതല സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഐ.ഒ.പി. വിപിൻ ദാസ് പ്രധാന കമാൻഡറായും ആർ.എസ്. സുനിൽകുമാർ സെക്കൻഡ് ഇൻ കമാൻഡറായും പരേഡ് നയിച്ചു. വിവിധ പ്ലറ്റൂണുകളുടെ മാർച്ച് പാസ്റ്റിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചു.

എറണാകുളം റൂറൽ മെൻ, എറണാകുളം സിറ്റി ലോക്കൽ മെൻ, എറണാകുളം സിറ്റി വുമൺ, ഡി.എച്ച്.ക്യു കൊച്ചി സിറ്റി, കെ.എ.പി. ഒന്നാം ബറ്റാലിയൻ, എറണാകുളം റൂറൽ വുമൺ, കേരള എക്സൈസ്, സീ കേഡറ്റ് കോർപ്സ് തുടങ്ങിയ വിഭാഗങ്ങൾ ആംഡ് പ്ലറ്റൂണുകളിൽ പങ്കെടുത്തു.

കേരള ഫയർ ആൻഡ് റെസ്ക്യൂ, സെൽഫ് ഡിഫൻസ് ഫയർ ആൻഡ് റെസ്ക്യൂ, ടീം കേരള, എൻ.സി.സി., സീ കേഡറ്റ് കോർപ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ് തുടങ്ങിയ വിഭാഗങ്ങളും അൺ ആംഡ് പ്ലറ്റൂണുകളുടെ ഭാഗമായി.

സീ കേഡറ്റ് ബാൻഡ് ടീം, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, ശ്രീ ശാരദ സൈനിക് സ്കൂൾ, തൃക്കാക്കര സെന്റ് ജോസഫ് ഇ.എം.എച്ച്.എസ്. തുടങ്ങിയവരുടെ നേതൃത്വത്തിൽ ബാൻഡ് അവതരണവും നടന്നു. സിവിൽ സ്റ്റേഷൻ ജീവനക്കാരുടെ ദേശഭക്തിഗാനവും സീ കേഡറ്റ് കോർപ്സിന്റെ ഹോൺപൈപ്പ് ഡാൻസും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ഉമാ തോമസ് എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, എറണാകുളം റൂറൽ എസ്.പി. അശ്വതി ജിജി, അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ജൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.