മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ത്രിവേണിയോണം 2026 – പുതിയ മൂവാറ്റുപുഴയുടെ പുത്തനോണം” ഓണാഘോഷത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. ത്രിവേണി സംഗമത്തിന്റെ പ്രകൃതിഭംഗിയും മൂവാറ്റുപുഴയുടെ സാംസ്കാരിക പൈതൃകവും പരമാവധി പ്രയോജനപ്പെടുത്തി, ടൂറിസം, വ്യാപാരം, കലാ-സാംസ്കാരിക മേഖലകൾക്ക് കൂടുതൽ ഉണർവ് നൽകുകയാണ് ഒരാഴ്ച നീളുന്ന ആഘോഷത്തിന്റെ ലക്ഷ്യം.
നഗരസഭയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ഉദ്യോഗസ്ഥർക്കൊപ്പം വിവിധ സംഘടനകളുടെയും രാഷ്ട്രീയ-സാമൂഹിക മേഖലകളുടെയും പ്രതിനിധികൾ പങ്കെടുത്തു. ആഘോഷ പരിപാടികൾ ജനകീയമായി സംഘടിപ്പിക്കുന്നതിനും വിവിധ മേഖലകളുടെ ഏകോപനം ഉറപ്പാക്കുന്നതിനുമായി വിപുലമായ സ്വാഗതസംഘവും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ. എന്നിവർ രക്ഷാധികാരികളായും നഗരസഭാ ചെയർപേഴ്സൺ കമ്മിറ്റി ചെയർപേഴ്സണായും പി. പി. എൽദോസ് ജനറൽ കൺവീനറായും ചുമതലയേറ്റു. അസം ബീഗം, ജൈസൺ തോട്ടം എന്നിവർ കൺവീനർമാരും മജീദ് മങ്ങാടൻ, മനോജ് ജി. എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്.
വൈവിധ്യമാർന്ന പരിപാടികൾ
ഓഗസ്റ്റ് 22ന് ആരംഭിച്ച് 27ന് സമാപിക്കുന്ന ത്രിവേണിയോണം 2026-ൽ നിരവധി ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മെഗാ തിരുവാതിര, ഓണപ്പൂക്കള മത്സരം, ഓണം ഫാൻസി റൈഡ്, വടംവലി, പുലികളി, ചെണ്ടമേളം, സാംസ്കാരിക പരിപാടികൾ, ജൻസ് ഓണം, കസവ് ഫാഷൻ ഷോ, വ്യാപാരോത്സവം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.
ഇതിന് പുറമെ “ത്രിവേണി ജലോത്സവം” എന്ന പേരിൽ വള്ളംകളിയും സംഘടിപ്പിക്കും. വള്ളംകളിയുടെ സമാപനഘട്ടത്തിൽ ആകാശപുഷ്പവൃഷ്ടി ഒരുക്കാനും പദ്ധതിയുണ്ടെന്ന് ചെയർപേഴ്സൺ ജോയ്‌സ്മേരി ആന്റണി അറിയിച്ചു.
മൂവാറ്റുപുഴയുടെ പുതിയ ടൂറിസം സർക്യൂട്ട്
ത്രിവേണി സംഗമം, നവീകരിക്കുന്ന പുഴയോര നടപ്പാത, പുരോഗമിക്കുന്ന മുനിസിപ്പൽ പാർക്ക്, നിർമാണത്തിലിരിക്കുന്ന ഹാങ്ങിംഗ് ബ്രിഡ്ജ് എന്നിവയെ ബന്ധിപ്പിച്ച് “ന്യൂ മൂവാറ്റുപുഴ ടൂറിസം സർക്യൂട്ട്” എന്ന ആശയം ജനങ്ങളിലേക്കും സന്ദർശകരിലേക്കും എത്തിക്കുന്നതിനും ത്രിവേണിയോണം വേദിയാകും.
വ്യാപാര സ്ഥാപനങ്ങൾ, കുടുംബശ്രീ, വനിതാ സംരംഭകർ, യുവജന സംഘടനകൾ, കലാ-സാംസ്കാരിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
“പുഴകൾ ചേരുന്നിടത്ത് മനസുകൾ ചേരുന്ന ഓണം” എന്ന സന്ദേശവുമായി മൂവാറ്റുപുഴയുടെ സ്വന്തം ജനകീയ ഓണാഘോഷമായി ത്രിവേണിയോണം 2026 മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം.
വൈസ് ചെയർമാൻ അബ്ദുൾ സലാം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിനു മടേക്കൽ, രജിത പി., ഷഹന മാഹിൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
ത്രിവേണിയോണം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഓഗസ്റ്റ് 17ന് നടക്കും.



