ഡൽഹി: ഉത്തർപ്രദേശിലെ ആഗ്രയിൽ അവിവാഹിതയായ മകൾ ഗർഭിണിയായതിനെ തുടർന്ന് നാണക്കേട് ഭയന്ന് 18കാരിയെ അച്ഛൻ നദിയിൽ മുക്കിക്കൊന്നതായി പൊലീസ്. സംഭവത്തിൽ 52കാരനായ അച്ഛനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു.
സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായതെന്നാണ് വിവരം. ചികിത്സയ്ക്കായി കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് അച്ഛനും ബന്ധുവും പെൺകുട്ടിയെ ആഗ്രയിലേക്ക് കൊണ്ടുപോയത്. ബന്ധുവിന്റെ വീട്ടിൽ താമസിച്ച ശേഷം ജൂലൈ 31ന് ചമ്പൽ നദിക്കരയിലെത്തിച്ചു.
നദിക്കരയിൽ വച്ച് വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാൻ അച്ഛൻ മകളോട് ആവശ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്. എന്നാൽ പെൺകുട്ടി ഇതിന് തയ്യാറാകാതെ വന്നതോടെ അച്ഛൻ തന്നെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു.
മകൾ ആഗ്രയിൽ വച്ച് മരിച്ചെന്നും അവിടെവച്ച് തന്നെ മരണാനന്തര ചടങ്ങുകൾ നടത്തിയെന്നും അച്ഛൻ അയൽവാസികളോട് പറഞ്ഞിരുന്നു. എന്നാൽ മരണത്തിൽ സംശയം തോന്നിയ അയൽവാസി പൊലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അച്ഛൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തി. ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. മകൾ ഗർഭിണിയായ വിവരം പുറത്തറിഞ്ഞാൽ സമൂഹത്തിൽ നിന്ന് അപമാനം നേരിടേണ്ടിവരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി.
സംഭവത്തിൽ അച്ഛനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.



