Sun Aug 02, 2026 4:14 pm
FLASH
X

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയോളം വില കുറച്ചു

Kerala / Latest / Latest News / National August 1, 2026

ന്യൂഡൽഹി: രാജ്യത്ത് 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കേന്ദ്രസർക്കാർ വീണ്ടും കുറച്ചു. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് വില കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 2,728 രൂപയായപ്പോൾ, കൊൽക്കത്തയിൽ 2,872 രൂപയായി.

തുടർച്ചയായ രണ്ടാം തവണയാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയ്ക്കുന്നത്. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.പുതിയ വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ് ഉൾപ്പെടെയുള്ള വാണിജ്യ മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും രാജ്യത്തെ ഇന്ധന ലഭ്യതയും വിതരണവും വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗത്തിലാണ് വില കുറച്ചത്. രാജ്യത്ത് എൽപിജി, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ക്ഷാമമില്ലെന്നാണ് യോഗത്തിൽ വിലയിരുത്തിയത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നേരത്തെ വർധിപ്പിച്ചിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായി കുറച്ചിരിക്കുന്നത്.

എൽപിജി വിതരണത്തിനായി പശ്ചിമേഷ്യൻ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കുന്നതും കേന്ദ്രം പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 2027-ഓടെ രാജ്യത്തിന്റെ എൽപിജി ഇറക്കുമതിയുടെ 25 ശതമാനം അമേരിക്കയിൽ നിന്നാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ