തിരുവനന്തപുരം : നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചക്കുമെതിരെ ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് സമരയാത്ര സംഘടിപ്പിക്കുന്നു.
ജൂലൈ 24ന് കേരളത്തിൽ നിന്ന് ട്രെയിനിൽ പുറപ്പെടുന്ന സംഘം ജൂലൈ 27 രാവിലെ ഡൽഹിയിലെ സമരകേന്ദ്രത്തിൽ എത്തിച്ചേരും.ഡൽഹിയിലെ വിദ്യാർത്ഥി പോരാളികൾക്ക് പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായി ജൂലൈ 24ന് തിരുവനന്തപുരത്തും ജൂലൈ 27ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏകദിന ഉപവാസവും ഡിവൈഎഫ്ഐ സംഘടിപ്പിക്കും.
അതേസമയം നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐയും രംഗത്തുണ്ട്. ഇന്ന് രാജ്യത്തെ മുഴുവൻ രാജ്ഭവനുകളിലേക്കും ലോക്ഭവനുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും.
ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളും മാർച്ചിൽ പങ്കാളികളാകും.നാളെ രാജ്യവ്യാപകമായി സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു.



